Press Club Vartha

വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

കോഴിക്കോട്: വയനാട് പാര്‍ലമെന്റ് സീറ്റില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( എ). രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബി.ജെ.പിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് ആര്‍.പി.ഐ ദേശീയ നേതൃത്വം വയനാട്ടില്‍ നുസ്രത്ത് ജഹാനെ പ്രഖ്യാപിച്ചതെന്ന് ആര്‍.പി.ഐ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് പി.ആര്‍.സോംദേവ് പറഞ്ഞു.

കഴിഞ്ഞ തവണ എന്‍.ഡി.എ ഘടകക്ഷിയാണ് വയനാട്ടില്‍ മത്സരിച്ചത്. എന്നാല്‍, ഇക്കുറി തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.ഇടത് വലത് മുന്നണികള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചരണം കഴിഞ്ഞിട്ടും കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും ഘടകകക്ഷികളുടെ കാര്യത്തിലും തീരുമാനം വൈകുന്നത് ഖേദകരമാണന്നും പി.ആര്‍.സോംദേവ് വ്യക്തമാക്കി.

ദേശീയ തലത്തില്‍ എന്‍ഡിഎയെ സഖ്യത്തിലാണ് ആര്‍പിഐ. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. ബിജെപി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിയുടെ അനുഗ്രഹവും ആശിര്‍വാദവും സ്വീകരിച്ചാണ് ആര്‍പിഐ സ്ഥാനാര്‍ത്ഥി നുസ്‌റത്ത് ജഹാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.

വളരെ സജ്ജീവമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങളായിരിക്കും വയനാട്ടില്‍ നടക്കുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്ന പ്രചരണ പരിപാടികളാണ് വയനാട്ടില്‍ ലക്ഷ്യം വെക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടായിരിക്കും നുസ്‌റത്ത് ജഹാന്റെ പോരാട്ടമെന്നും പി.ആര്‍ സോംദേവ് പറഞ്ഞു. കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയയായ വനിതാ നേതാവുമായ നുസ്‌റത്ത് ജഹാനെ വയനാട്ടിലെ ജനങ്ങള്‍ പുന്തുണക്കുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റ സംസ്ഥാന പ്രസിഡന്റ് പി ആര്‍ സോംദേവ് നേതൃത്വം നല്‍കും. ഇതിനായി 501 അംഗ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. രാഹുലിനെ അമേഠിയില്‍ സ്മൃതി ഇറാനി തോല്പിച്ചത് പോലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നുസറത്ത് ജഹാന്‍ പരാജയപ്പെടുത്തുമെന്നാണ് കേന്ദ്രമന്ത്രി കൂടിയായ ആര്‍പിഐ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ രാംദാസ് അത്വാല വയനാട് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കൊണ്ട് വിശദീകരിച്ചത്.

Share This Post
Exit mobile version