Press Club Vartha

ഇന്ത്യ മുന്നണിയെ ദുർബലപെടുത്താനാണ് സി പി എം ശ്രമം: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പിയുടെ ക്വട്ടേഷന്‍ വാങ്ങി അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് സിപി.എം എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. മുംബൈയില്‍ നടന്ന ഇന്ത്യാ മുന്നണിയുടെ മഹാറാലിയില്‍ നിന്ന് സിപിഎമ്മും സിപിഐയും വിട്ടു നിന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണെന്നത് വളരെ വ്യക്തമാണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള അഴിമതി കേസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് മരവിപ്പിച്ചതിനുള്ള പ്രത്യുപകാരമാണിത്.

രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള കേരളത്തിലെ നാലു ബിജെപി സ്ഥാനാര്‍ഥികള്‍ മിടുക്കരാണെന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ പ്രസ്താവന ഒരു വിടുവായത്തമോ അബദ്ധമോ അല്ലെന്നും വോട്ടു മറിക്കാന്‍ അണികള്‍ക്കുള്ള കൃത്യമായ നിര്‍ദേശമാണെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് ഇത്തരം പ്രസ്താവന ജയരാജന്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് തുടര്‍ഭരണം ലഭിച്ച ബി.ജെ.പി – സിപിഎം ഡീലിന്റെ തുടര്‍ച്ചയാണിത്. ബിജെപിയുടെ വോട്ട് ശതമാനം 15 ല്‍ നിന്ന് 12 ആയി കുറഞ്ഞത് ഈ ഡീലിന്റെ ഫലമാണ്. ഇത്രയും വോട്ടിങ് ശതമാനം കുറയുകയും ഏക എം.എല്‍എ നഷ്ടപ്പെടുകയും ചെയ്തിട്ടും ബി.ജെപി സംസ്ഥാന നേതൃത്വം മാറ്റമില്ലാതെ തുടരുന്നതു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടു കൂടി നടന്ന ഡീലാണിത് എന്നു വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസിനെ കീഴടക്കാന്‍ കേരളത്തില്‍ കഴിയില്ല എന്നുറപ്പുണ്ടായതു കൊണ്ടാണ് സിപിഎമ്മിനെ ഒപ്പം ചേര്‍ത്ത് ബി.ജെപി തന്ത്രങ്ങള്‍ പയറ്റുന്നത്.

കേരളത്തില്‍ ബി.ജെപി ഇക്കുറിയും അക്കൗണ്ട് തുറക്കില്ല. കോണ്‍ഗ്രസിന്റെ കേരളത്തിലെ പോരാട്ടം ഇടതു മുന്നണിയുമായാണ്. ബി.ജെപി ഇവിടെ ചിത്രത്തില്‍ പോലുമില്ല. കേരളത്തിലെ അഴിമതി ദുര്‍ഭരണം മറയ്ക്കാന്‍ കടുത്ത വര്‍ഗീയത ഇളക്കിവിട്ടു കളിക്കുകയാണ് സിപിഎം. ജനങ്ങള്‍ കേരളത്തില്‍ വോട്ടു ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ആയിരിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

സിഎഎ അടക്കമുള്ള വിഷയത്തില്‍ പോലും സിപിഎമ്മിന് ആത്മാര്‍ഥതയില്ല. തിരഞ്ഞെടുപ്പ് അടുത്തതു കൊണ്ടു മാത്രമാണ് അവര്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നതും കേസിന് പോകാന്‍ തീരുമാനിക്കുന്നതും. വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യം. സിഎഎ സമരത്തില്‍ യു.പി അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും കേസുകള്‍ പിന്‍വലിച്ചപ്പോള്‍ കേരളത്തിലെടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ് പിണറായി വിജയന്‍. ഇത് ജനങ്ങള്‍ തിരിച്ചറിയും. കേരളത്തിലെ ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share This Post
Exit mobile version