തിരുവനന്തപുരം: കലാപരമായ കഴിവുകള്‍ക്കു പുറമെ ഭിന്നശേഷിക്കുട്ടികളെ കായികപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ ദ ഗോള്‍ഡന്‍ ഗോള്‍ പദ്ധതിക്ക് തുടക്കമായി. ഫുട്‌ബോള്‍, അത്‌ലെറ്റിക്‌സ്, തായ്‌കൊണ്ടോ തുടങ്ങിയ ഇനങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും പാരാലിംപിക്‌സ്, ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഡിഫറന്റ് ആര്‍ട് സെന്ററും സെറിബ്രല്‍ പാഴ്സി സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരളയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കുട്ടികളെ കലാപരമായി മുന്നേറാന്‍ സഹായിക്കുന്ന നിരവധി വിഭാഗങ്ങളുടെ സമ്മേളനമാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് ഉദ്ഘാടനത്തിനിടെ പുനീത് കുമാര്‍ പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഭിന്നശേഷിക്കുട്ടികളെ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളായി ഉയര്‍ത്തുവാനും അവരെ ശാക്തീകരിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ചീഫ് സെക്രട്ടറിയും ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാനുമായ ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണും ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടറുമായ അഡ്വ.ജയാഡാളി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ ഖേലോ ഇന്ത്യാ പാരാഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീം അംഗങ്ങളായ മുഹമ്മദ് അജ്‌നാസ്, വിനീഷ് എം.ആര്‍, ഷാരോണ്‍, സിജോ ജോര്‍ജ്, മുഹമ്മദ് അജ്‌നാസ് മലപ്പുറം, അബ്ദുള്‍ മുനീര്‍, അജോ ഷാന്റി, നിഖില്‍ മനോജ്, വൈശാഖ് എന്നിവരെയും ഈ കുട്ടികളെ പരിശീലിപ്പിച്ച സെറിബ്രല്‍ പാഴ്സി സ്പോര്‍ട്സ് അസോസിയേഷന്‍ കേരള സെക്രട്ടറി ഗിരിജകുമാരിയെയും ആദരിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും സി.ഇ.ഒ രേവതി രുഗ്മിണി നന്ദിയും പറഞ്ഞു.തുടര്‍ന്ന് സെറിബ്രല്‍പാഴ്സി കുട്ടികളുടെ ഫുട്ബോള്‍ പ്രദര്‍ശന മത്സരവും നടന്നു.