Press Club Vartha

അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യവുമായി കെ സുധാകരൻ

തിരുവനന്തപുരം: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്ത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കെ സുധാകരൻ പറഞ്ഞു. എതിർ ശബ്ദങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നമാണെന്നും കേന്ദ്രത്തിൽ നരേന്ദ്രമോദിയും കേരളത്തിൽ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളിൽ പ്രതിചേർത്ത് വേട്ടയാടുകയാണെന്നും കെ സുധാകരൻ ആരോപിച്ചു.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യവുമായി കെ സുധാകരൻ രംഗത്തെത്തിയത്. നരേന്ദ്രമോദിയോട് “ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രി” മാരെ എത്ര അഴിമതികൾ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിർക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാർമിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ അനീതികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ജനാധിപത്യ രീതിയിൽ തന്നെ ഈ ഏകാധിപതികളെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ ഒഴുക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Share This Post
Exit mobile version