Press Club Vartha

കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത അധ്യായം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെജ്രിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷകക്ഷികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്നും ചെന്നിത്തല ആരോപിച്ചു.

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള നേതാക്കളെ ജയിലില്‍ അടയ്ക്കുകയാണ്. നരേന്ദ്രമോദി പുട്ടിനായി മാറുന്നുവെന്നും റഷ്യയുടെയും ചൈനയുടെയും ജനാധിപത്യം ഇവിടെയും വരുമെന്നും അദ്ദേഹം പറഞ്ഞു. എതിർശബ്ദങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യം നടപ്പിലാക്കുന്ന മോദിയ്ക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണം. പൗരത്വ പ്രക്ഷോഭം തെരുവിലെത്തിക്കാനുള്ള സിപിഐഎം നീക്കം വോട്ടു പിടിക്കാനുള്ള തന്ത്രം മാത്രമാണ്. അത് ന്യൂനപക്ഷങ്ങളോടുള്ള സ്നേഹമല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സിഎഎക്കെതിരെ കോടതിയിൽ പോകാമെന്ന് സിപിഐഎമ്മിനോട് ആരു പറഞ്ഞു? ഫെഡറൽ ഭരണത്തിൽ അത് പറ്റില്ല. കേരള സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാനാവില്ല, വ്യക്തിപരമായി മാത്രമേ പോകാനാകൂ. കേരള മുഖ്യമന്ത്രിക്ക് പോകാം. എന്നാൽ ഇത്രയായിട്ടും അദ്ദേഹം പോയിട്ടില്ല. എന്ത് ആത്മാർത്ഥതയാണ് പിണറായിക്കുള്ളത്? മുഖ്യമന്ത്രിയോ സിപിഐഎം സെക്രട്ടറിയോ ഇതുവരെ കോടതിയിൽ പോയില്ല. എന്നാൽ കോൺഗ്രസ് ആത്മാർത്ഥതയോടെയാണ് ഇത്തരം സമരങ്ങൾ ഏറ്റെടുക്കുന്നത്. കോൺഗ്രസ് കോടതിയിൽ പോയ ശേഷമാണ് തെരുവിൽ പോരാടുന്നത്. നേരത്തെ ആകാമായിരുന്നിട്ടും സിഎഎ കേസുകൾ പിൻവലിക്കാൻ ഇപ്പോൾ മാത്രമാണ് ഉത്തരവ് നൽകിയതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Share This Post
Exit mobile version