തിരുവനന്തപുരം: കുടിവെള്ള പൈപ്പ് പൊട്ടി കഴക്കൂട്ടത്ത് കെ എസ് ഇ ബി ട്രാൻസ്ഫോർമർ റോഡിലേയ്ക്ക് വീണു. കാർയാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൻ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 8.30 ന് ദേശീയ പാതയിൽ കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനിലായിരുന്നു സംഭവം. ദേശീയപാത നിർമ്മാണത്തിനായി യാതൊരു സുരക്ഷയുമില്ലാതെ മാറ്റി സ്ഥാപിച്ച ട്രാൻസ് ഫോർമറാണ് റോഡിലേക്ക് മറിഞ്ഞു വീണത്.
പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വാട്ടർ അതോറിറ്റി ചാർജ് ചെയ്തതോടെ യാതൊരുറപ്പുമില്ലാതെ പൂഴി മണലിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമർ വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന കാർ പോസ്റ്റ് വീഴുന്നത് കണ്ട് നിറുത്തുകയായിരുന്നു. അവധി ദിവസമായതിനാൽ രാവിലെ വാഹനങ്ങൾ കുറവായിരുന്നു. ദേശിയ പാത നിർമ്മാണം നടക്കുന്ന ഇവിടെ സർവ്വീസ് റോഡു വഴി ഗതാഗതം തിരിച്ചുവിട്ടിരിക്കുകയായിരുന്നു.
തുടർന്ന് കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. ബസ്സുകളും മറ്റും കഴക്കൂട്ടത്തുനിന്നും വഴിതിരിച്ചുവിട്ടു. പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പിലേയ്ക്ക് പുതുതായി സ്ഥാപിച്ച 250mm GI പൈപ്പും 160 mm PVC പൈപ്പുമാണ് പൊട്ടിയത്.
ഇന്നു രാവിലെ 8 മണിക്കാണ് വാട്ടർ അതോറിട്ടി വാൽവ് തുറന്നത്. തുടർന്നായിരുന്നു പൊട്ടിയ ഭാഗത്ത് നിന്ന് വെള്ളം കുത്തിയൊഴുകി മണ്ണ് കുതിർന്ന് പോസ്റ്റ് മറിഞ്ഞത്. കോൺക്രീറ്റ് ബ്ലോക്കിൽ സ്ഥാപിക്കേണ്ട പോസ്റ്റ് പൂഴിമണലിൽ വച്ചിരുന്നതിനാലാണ് അപകടമുണ്ടായത്. സമീപത്ത് പോസ്റ്റ് സ്ഥാപിക്കാനുള്ള ബ്ലോക്ക് നിർമ്മിച്ചെങ്കിലും ഇവ മാറ്റി സ്ഥാപിച്ചിട്ടില്ല.
തുടർന്ന് സ്ഥലത്തെത്തിയ കെ എസ് ഇ ബി അധികൃതർ നിർമ്മാണ കമ്പനിയെ കുറ്റം പറഞ്ഞു നിന്നു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഇത് മാറ്റാനുള്ള ശ്രമം തുടങ്ങിയത്.