Press Club Vartha

ഫ്യൂഷന്‍ സാങ്കേതികതയോടു കൂടിയ കേരളത്തിലെ ആദ്യ എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ ശസ്ത്രകിയ വിജയകരം

തിരുവനന്തപുരം: സ്‌പൈനല്‍ കനാല്‍ ചുരുങ്ങുന്ന ലംബാര്‍ കനാല്‍ സ്റ്റെനോസിസ് രോഗ ബാധിതയായ തിരുവനന്തപുരം സ്വദേശിനിയില്‍ നൂതന ഫ്യൂഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഫുള്‍ എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ ശസ്ത്രക്രിയ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന മിനിമലി ഇൻവേസിവ് പ്രൊസീജിയറിലൂടെയാണ് ചുരുങ്ങിയ ഡിസ്ക് നീക്കം ചെയ്ത് ഉയരം ക്രമീകരിക്കാന്‍ കഴിയുന്ന കൃത്രിമ ഇമ്പ്ലാൻറ് സ്ഥാപിച്ചത്. കേരളത്തില്‍ ഇതാദ്യമായാണ് ഫ്യൂഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്പൈനല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത്.

കുറച്ച് നാളുകളായി രോഗിക്ക് നടുവേദനയും അതിനെത്തുടര്‍ന്ന് കാലുകളില്‍ ക്ഷീണവും നടക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടുവേദനയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും വേദനയില്‍ കാര്യമായ മാറ്റം ഉണ്ടായില്ല. അടുത്തിടെ നടത്തിയ പരിശോധനകളിലാണ് ലംബാര്‍ കനാല്‍ സ്റ്റെനോസിസ് സ്ഥിരീകരിച്ചത്. ഈ അവസ്ഥയില്‍, നട്ടെല്ലിന്റെ ഭാഗമായ സ്പൈനല്‍ കനാല്‍ ചുരുങ്ങുകയും ഇത് സുഷുമ്‌നാ നാഡിയെയും ഞരമ്പുകളെയും ഞെരുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാനില്‍ ഒന്നിലധികം ഞരമ്പുകളെ രോഗം ബാധിച്ചതായും കണ്ടെത്തി.

അടിയന്തരമായി രോഗിയെ ഫുള്‍ എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ ശസ്ത്രകിയയ്ക്കും നൂതന ഫ്യൂഷന്‍ പ്രൊസീജിയറിനും വിധേയയാക്കുകയും അസ്ഥിരമായ നട്ടലിനെ സ്ഥിരപ്പെടുത്തുകയുമായിരുന്നു. രണ്ട് ഘട്ടങ്ങളായി നടത്തിയ ശസ്ത്രക്രിയയില്‍ എന്‍ഡോസ്‌കോപ്പി ഉപയോഗിച്ച് നട്ടെല്ലിലെ ചുരുങ്ങിയ ഭാഗങ്ങള്‍ കൃത്യതയോടെ നീക്കം ചെയ്തു. പിന്നീട് ചുറ്റുമുള്ള പേശികള്‍ക്ക് യാതൊരു കേടുപാടും സംഭവിക്കാതെ ഒരു സെന്റിമീറ്റര്‍ വ്യാസമുള്ള മുറിവിലൂടെ നട്ടെല്ലിന്റെ സ്വാഭാവിക ഉയരം വീണ്ടെടുക്കാവുന്ന തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന കൃത്രിമ ഡിസ്‌ക് സ്ഥാപിക്കുകയായിരുന്നു.

ഈ രോഗത്തിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍, കാലുകളില്‍ സ്ഥിരമായ ബലഹീനതയോ, ചിലപ്പോള്‍ പൂര്‍ണ്ണമായും കിടപ്പിലാകുന്ന അവസ്ഥയോ വരെ ഉണ്ടായേക്കാമെന്ന് ഡോ. അജിത് ആര്‍ വ്യക്തമാക്കി. നട്ടെല്ലിന്റെ അപചയം ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ശസ്ത്രക്രിയാ രീതികളില്‍ ഒന്നാണ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. ഉയരം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേകതരം കൃത്രിമ ഇംപ്ലാന്റ് ഇതില്‍ ഉപയോഗിക്കുന്നു. വ്യക്തിയുടെ ശരീരഘടനയ്ക്കനുസരിച്ച് ഉയരം ക്രമീകരിക്കാന്‍ ഇതുവഴി സാധിക്കും. ഏറെ സങ്കീര്‍ണ്ണമായ ഉപകരണങ്ങളും വൈദഗ്ധ്യവും ഈ ശസ്ത്രക്രിയയ്ക്കായി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം മുതല്‍ രോഗി നടന്ന് തുടങ്ങി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു. ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത് ആർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ന്യൂറോസര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. അബു മദന്‍, ഡോ നവാസ് എന്‍.എസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്തേഷ്യ വിഭാഗം കണ്‍സല്‍റട്ടന്റ് ഡോ. സുഷാന്ത് ബി എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായിരുന്നു.

Share This Post
Exit mobile version