Press Club Vartha

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ലത്തീൻ അതിരൂപത

കഴക്കൂട്ടം: മുഖാമുഖം പരിപാടിയിൽ പ്രതിഷേധമറിയിച്ച് മത്സ്യത്തൊഴിലാളികൾ. ആറ്റിങ്ങൽ മണ്ഡലത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനം ഉയർന്നത്.

എന്നാൽ പരിപാടിയിൽ ബി ജെ പി സ്ഥാനാർഥികൾ ആരും പങ്കെടുത്തില്ല. മുഖാമുഖം പരിപാടിയിൽ ബിജെപി സ്ഥാനാർഥി വി. മുരളീധരൻ പങ്കെടുക്കാത്തതിലും മത്സ്യത്തൊഴിലാളികൾ കടുത്ത വിമർശനം ഉയർത്തി. മാത്രമല്ല പരിപാടിക്കിടെ എൽഡിഎഫ് സ്ഥാനാർഥി വി ജോയ് പ്രസംഗശേഷം പെട്ടെന്ന് മടങ്ങിയതിലും മത്സ്യത്തൊഴിലാളികൾ വിമർശിച്ചു.

മണിപ്പൂർ വിഷയത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ ഇവർ ആരോപണം ഉന്നയിച്ചത്. മണിപ്പൂരിൽ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ലെന്നും മണിപ്പൂരിൽ സ്ത്രീകളെ വിവസ്ത്രയായി മർദിച്ചെന്നും ഇതിനെതിരെ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചില്ലെന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പറഞ്ഞു.

എന്നാൽ സംസ്ഥാന സർക്കാരിനെതിരെ വിഴിഞ്ഞം- മുതലപൊഴി വിഷയത്തിലാണ് ആരോപണം ഉന്നയിച്ചത്. വിഴിഞ്ഞം – മുതലപ്പൊഴി സമരവുമായി ബന്ധപ്പെട്ട് വൈദികർക്കും മത്സ്യത്തൊഴിലാളികൾക്കും എതിരെ കേസ് എടുത്തതിനെതിരെയായിരുന്നു ഇവർ സംസാരിച്ചത്. എടുത്ത കേസ് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയോട് ഇവർ ആവശ്യപ്പെട്ടു.കെ എൽ സി ഡബ്ലു എ അതിരൂപത പ്രസിഡൻറ് ജോളി പത്രോസ് മത്സ്യതൊഴിലാളികൾ നേരിടുന്ന 18 പ്രശ്നങ്ങൾ ഉന്നയിച്ചു.

ആറ്റിങ്ങൽ മണ്ഡലത്തിലെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മരിയൻ എൻജിനീയറിങ് കോളേജിൽ വച്ചാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ,കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ,ചിറയിൻകീഴ് എംഎൽഎ വി ശശി, ഫാ. യൂജിൻ പെരേര തുടങ്ങി ലത്തീൻ അതിരൂപതയിലെ നിരവധി വൈദികർ പങ്കെടുത്തു. നിരവധി മത്സ്യത്തൊഴിലാളികൾ പങ്കെടുത്ത പരിപാടിയിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും അവഗണനകളെ കുറിച്ചും ചർച്ചയായി.

Share This Post
Exit mobile version