തിരുവനന്തപുരം: കാരുണ്യ റംസാൻ റിലീഫ് നടത്തി. കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റി 2013 മുതൽ റംസാൻ ഓണം ക്രിസ്മസ് എന്നീ വിശേഷ ദിവസങ്ങളിലെ റിലീഫ് പ്രവർത്തനങ്ങൾ നടത്തിവരികയാണ്. 2024 റംസാൻ റിലീഫ് കാരുണ്യയുടെ പൂഴനാടുള്ള ഹെഡ് ഓഫീസിൽ വച്ച് നടന്നു. ഈ വർഷത്തെ റംസാൻ റിലീഫിന് വിവിധ ജാതിമത വിഭാഗങ്ങളിലെ വിധവകളായിട്ടുള്ളവരെ മാത്രമാണ് പരിഗണിച്ചത്. നൂറോളം പേർക്ക് ഭക്ഷ്യ സഹായവിതരണം നടത്തി.
പ്രസിഡൻറ് പൂഴനാട് സുധീറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് ഉദ്ഘാടനം ചെയ്തു.പൂഴനാട് ചീഫ് ഇമാം റാഫി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, കാരുണ്യ സെക്രട്ടറി നൂറുൽ ഹസൻ മണക്കാട്, കാരുണ്യ വനിതാ വേദി ചെയർപേഴ്സൻ വാവോട് ലീല, എ. കെ. ലില്ലി, ഐഡ മടത്തിക്കോണം എന്നിവർ പ്രസംഗിച്ചു.
മാനവ സമൂഹത്തെ പരസ്പരം കൂട്ടിയോജിപ്പിക്കുന്നതിനും, മനുഷ്യന് ആവശ്യമായ പരസ്പരവിശ്വാസവും സഹിഷ്ണുതയും സഹവർത്തിത്വവും ക്ഷമയും നേടാനും, പാവപ്പെട്ടവന്റെ അവകാശം ഉള്ളവരിൽ നിന്നും ഇല്ലാത്തവർക്ക് നൽകുന്നതിന് പ്രചോദനമേകുന്നതിനും മാനവരാശിക്ക് ആകമാനം നന്മയും തിന്മയും തിരിച്ചറിയാൻ ദൈവം കനിഞ്ഞ് അരുളിയ മാസമാണ് പരിശുദ്ധ റമളാൻ മാസം ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ റമളാനിൽ പാവപ്പെട്ടവന്റെ വിശപ്പകറ്റാൻ കാരുണ്യയുടെ പരിശ്രമങ്ങളും പ്രവർത്തനങ്ങളും
കൂടുതൽ പ്രവർത്തനങ്ങളിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് അഡ്വ. എ എ റഷീദ് ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. കാരുണ്യയുടെ പതിനൊന്നം വാർഷിക സമ്മേളനം ഈമാസം പതിനേഴാം തിയതി തിരുവനന്തപുരം എൻ. എസ്. എസ് മന്നം ഹാളിൽ നടത്തും.