Press Club Vartha

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ 2023ലെ തെരുവത്ത് രാമന്‍, പി. ഉണ്ണികൃഷ്ണന്‍, മുഷ്താഖ്, പി. അരവിന്ദാക്ഷന്‍ അവാര്‍ഡുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡ് മലയാളം പത്രങ്ങളിലെ മികച്ച മുഖ പ്രസംഗത്തിനുള്ളതാണ്. 15,001 / രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും മികച്ച ജനറല്‍ റിപ്പോര്‍ട്ടിനാണ്. 15,000/- രൂപയാണ് അവാര്‍ഡ്. മലയാളം ടിവി ചാനലുകളില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്.

കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്‍കുന്ന മുഷ്താഖ് സ്‌പോര്‍ട്‌സ് ജേര്‍ണലിസം അവാര്‍ഡ് അച്ചടി മാധ്യമങ്ങളില്‍ വന്ന മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട്/ പരമ്പരയ്ക്കാണ്. കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്‍കി വരാറുള്ള മുഷ്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് കേരളത്തിലിറങ്ങുന്ന പത്രങ്ങളില്‍ വന്ന ഫോട്ടോകള്‍ക്കാണ്. 300 പിക്‌സല്‍ റിസൊല്യൂഷനില്‍ അഞ്ച് എംബിയില്‍ കൂടാതെ ഇമേജ് സൈസില്‍ ഫോട്ടോകള്‍ അടിക്കുറിപ്പ് സഹിതം എന്ന cpcaward24@gmail.com ഇമെയില്‍ ഐ.ഡിയില്‍ അയയ്ക്കണം. ഇതിന്റെ പകര്‍പ്പ് തപാലില്‍ അയയ്‌ക്കേണ്ടതില്ല. ബയോഡാറ്റയും ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ ഡിജിറ്റല്‍ കോപ്പിയും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും ഇതോടൊപ്പം ഇമെയില്‍ ചെയ്യണം. 15,000/ രൂപയാണ് മുഷ്ത്താഖ് അവാര്‍ഡ് തുക.

കാലിക്കറ്റ് പ്രസ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റും മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് മുന്‍ റസിഡന്റ് എഡിറ്ററുമായിരുന്ന അന്തരിച്ച പി.അരവിന്ദാക്ഷന്റെ പേരില്‍ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്നാണ് ‘പി.അരവിന്ദാക്ഷന്‍ സ്മാരക മാധ്യമ പുരസ്‌കാരം’ ഈ വര്‍ഷം മുതല്‍ നല്‍കുന്നത്. 20,000 / രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2023 ന് മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍, അവലോകനങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.

2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട്/ഫീച്ചര്‍/ചിത്രം എന്നിവയാണു അവാര്‍ഡിന് പരിഗണിക്കുക. റിപ്പോര്‍ട്ടുകളുടെ ഒറിജിനലും മൂന്ന് പകര്‍പ്പുകളും, ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം അയക്കണം. ടെലിവിഷന്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.

ഒരാള്‍ക്ക് ഒരു അവാര്‍ഡിന് ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ പാടുള്ളൂ. എന്‍ട്രികള്‍ 2024 മെയ് 15നകം സെക്രട്ടറി, കാലിക്കറ്റ് പ്രസ്സ് ക്ലബ്, കോഴിക്കോട് 673001 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് ഏത് അവാര്‍ഡിനുള്ള എന്‍ട്രിയാണെന്നും വ്യക്തമാക്കണം. യോഗ്യമായ എന്‍ട്രികള്‍ ഇല്ലെങ്കില്‍ അവാര്‍ഡ് നല്‍കാതിരിക്കാനും ജൂറിക്ക് അധികാരമുണ്ടായിരിക്കും.

Share This Post
Exit mobile version