തൃശ്ശൂര്‍: ഇത്തവണത്തെ തൃശൂർ പൂരം വിവാദമായതോടെ ഇത്തരത്തിൽ വീണ്ടും നടക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്. പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നാണ് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെടുന്നത്. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളുമായി ബുദ്ധിമുട്ടിച്ചുവെന്നും പൂരം കഴിഞ്ഞ് ആളുകൾ പോയാലും ഭാരവാഹികൾ കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണെന്നും ദേവസ്വം ഭാരവാഹികൾ പറയുന്നു.
എല്ലാ തവണയും യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. എന്നാൽ വീണ്ടും ഓരോ നിയമം കൊണ്ട് വന്ന് ബുദ്ധിമുട്ടിക്കുകയാണ്. അതിനാൽ തന്നെ പൂരം നല്ല രീതിയിൽ നടത്താൻ ഉള്ള അനുമതി തിരുവമ്പാടി ദേവസ്വം ബോർഡിന് വേണമെന്നും പോലീസ് സുരക്ഷ മാത്രം നോക്കിയാൽ മതിയെന്നും ഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും സർക്കാർ നിയമം കൊണ്ടുവരണം.