കൊച്ചി: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി കഴിഞ്ഞ ഒരു വർഷം കൊണ്ട് വാട്ടർ മെട്രോ മാറി കഴിഞ്ഞു. 2023 ഏപ്രിൽ 25നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. അന്ന് വെറും രണ്ടു റൂട്ടുകളിലേക്ക് മാത്രമാണ് സർവീസ് നടത്തിയിരുന്നത്. 9 ബോട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഒരു വർഷം കൊണ്ട് കൂടുതൽ ബോട്ടുകളും കൂടുതൽ റൂട്ടുകളും വാട്ടർ മെട്രോ സർവ്വീസിന്റെ ഭാഗമായി.
കൊച്ചിയിലെ ഗതാഗത കുരുക്കിൽ അകപ്പെടാതെ അതിവേഗം സ്ഥലങ്ങളിൽ എത്താമെന്നതിനാൽ തന്നെ ജനങ്ങൾ നെഞ്ചോട് ചേർത്ത് കഴിഞ്ഞു വാട്ടർ മെട്രോയെ. കഴിഞ്ഞ ഒരു വർഷത്തിനിടെ 19,72,247 പേരാണ് വാട്ടർ മെട്രോ പ്രയോജനപ്പെടുത്തിയത്. ഈ അടുത്താണ് ഫോർട്ട് കൊച്ചിയിലേക്കും വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. വൈകാതെ തന്നെ കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ഭാഗത്തേക്കും സർവീസ് ആരംഭിക്കും. ഈ സ്ഥലങ്ങളെ ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.