Press Club Vartha

ട്രാൻസ്ജെൻഡേഴ്സിനായി റെയിൻബോ ബൂത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ മാതൃക പോളിങ് ബൂത്ത്‌ ഒരുക്കി തിരുവനന്തപുരം ജില്ലാ ഭരണകൂടം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ട്രാൻസ്ജെൻഡർ വ്യക്തികളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ 69മത്തെ പോളിംഗ് ബൂത്തായ ഫോർട്ട് മിഷൻ ഗേൾസ് സ്കൂളിനെ റെയിൻബോ ബൂത്ത് ആക്കി മാറ്റിയിരിക്കുകയാണ്. ട്രാൻസ്ജെൻഡർ പ്രൈഡ് മൂവ്മെന്റ് ക്യാമ്പയിന്റെ ഭാഗമായാണ് റെയിൻബോ ബൂത്ത് തയാറാക്കിയിരിക്കുന്നത്.

ജില്ലയിൽ 94 ട്രാൻസ്ജെൻഡർ വ്യക്തികളാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. കേരളത്തിൽ ആകെയുള്ള 367 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 25.67% തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ വോട്ടിംഗ് 100% ആക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് തിരുവനന്തപുരം ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ജില്ലാ കളക്ടറിന്റെ ക്ഷണപത്രം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നേരത്തെ കൈമാറിയിരുന്നു.

Share This Post
Exit mobile version