Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് യാത്രയയപ്പ് നല്‍കി

തിരുവനന്തപുരം: ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓട്ടിസം അവബോധ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും ഒമാനിലേയ്ക്ക് പോയ ഭിന്നശേഷിക്കുട്ടികള്‍ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തില്‍ യാത്രയപ്പ് നല്‍കി.

സെന്ററിലെ ക്രിസ്റ്റീന്‍ റോസ് ടോജോ, റുക്‌സാന അന്‍വര്‍, വിഷ്ണു.ആര്‍, ആര്‍ദ്ര അനില്‍, അപര്‍ണ സുരേഷ് എന്നീ ഭിന്നശേഷിക്കുട്ടികള്‍ക്കാണ് കടകംപള്ളി സുരന്ദ്രന്‍ എം.എല്‍.എ, എയര്‍പോര്‍ട്ട് മാനേജര്‍ പ്രിയ, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കഷന്‍ ഹെഡ് മഹേഷ് ഗുപ്തന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് യാത്രയയപ്പ് നല്‍കിയത്. ഒമാന്‍ നാഷണല്‍ ഓട്ടിസം സെന്റര്‍, തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്റര്‍ (ഡി.എ.സി) എന്നിവയുടെ സഹകരണത്തോടെ എന്‍.യു ഓട്ടിസം അവയര്‍നെസ് ഡേ വിത്ത് ഡി.എ.സി എന്ന് നാമകരണം ചെയ്ത പരിപാടി 30 വരെയാണ് നടക്കുന്നത്.

ഒമാന്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റിമാര്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍, ഭിന്നശേഷി മേഖലയിലെ പ്രഗത്ഭര്‍ എന്നിവര്‍ക്ക് മുമ്പില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഇന്ദ്രജാല കലാധിഷ്ഠിത ബോധന മാതൃക 29ന് അവതരിപ്പിക്കും. തുടര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പരിശീലനത്തിലൂടെ ആര്‍ജിച്ചെടുത്ത കഴിവുകള്‍ ഭിന്നശേഷിക്കുട്ടികള്‍ പ്രദര്‍ശിപ്പിക്കും.

ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ലോകാരോഗ്യസംഘടന നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍, ഡി.എ.സി കോര്‍പ്പറേറ്റ് റിലേഷന്‍ഷിപ്പ് സീനിയര്‍ മാനേജര്‍ മിനു അശോക്, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍, റജീന ജോസ് എന്നിവരടങ്ങുന്ന സംഘമാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അലി ബിമാനിയുടെ ഔദ്യോഗിക ക്ഷണത്തെത്തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കുവാനായി ഒമാനിലേയ്ക്ക് പോയത്.

Share This Post
Exit mobile version