Press Club Vartha

റീനൽ ഡിനര്‍വേഷന്‍ ചികിത്സയിലൂടെ 72 വയസുകാരന്റെ രക്തസമ്മര്‍ദ്ദം ചികിൽസിച്ച് കിംസ്ഹെൽത്ത്

തിരുവനന്തപുരം: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനാവാത്ത 72 വയസുകാരനില്‍ റീനല്‍ ഡിനര്‍വേഷന്‍ തെറാപ്പി (ആര്‍ഡിഎന്‍) വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഡോക്ടര്‍മാര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി ദിവസേന നാലും അഞ്ചും തരം മരുന്നുകള്‍ ഉപയോഗിച്ചിട്ടും രോഗം വരുതിയിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് ബദല്‍ ചികിത്സാ സംവിധാനമെന്ന നിലയില്‍ ഇത് ഫലപ്രദമാണ്.

തിരുവനന്തപുരം സ്വദേശിയായ രോഗി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് അനേക വര്‍ഷങ്ങളായി ഒന്നിലധികം മരുന്നുകള്‍ കഴിച്ചിരുന്നെങ്കിലും 180/90 എന്ന ഉയര്‍ന്ന നിലയില്‍ രക്തസമ്മര്‍ദ്ദം തുടരുകയായിരുന്നു. ഇടത് വൃക്കയിലേക്കുള്ള ധമനി ചുരുങ്ങുന്നത് തടയാനായി രണ്ട് വര്‍ഷം മുമ്പ് ആഞ്ജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും നടത്തിയെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞില്ല.

വൃക്കകളിലേക്കുള്ള ഞരമ്പുകളിലെ സിമ്പതറ്റിക് നാഡീവ്യൂഹം അമിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ റെസിസ്റ്റന്റ് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയിലേയ്ക്ക് ഇത് രോഗിയെ എത്തിച്ചിരുന്നു. അടിയന്തിര സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ ശരീരത്തെ സന്നദ്ധമാക്കുന്നത് ഈ സിമ്പതറ്റിക് നാഡീവ്യൂഹമാണ്. ചില രോഗികളില്‍ ഈ സംവിധാനം അമിതമായി പ്രവര്‍ത്തിക്കുകയും വൃക്കകളില്‍ നിന്നുള്ള ചില ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു.

രോഗിയുടെ അവസ്ഥ കണക്കിലെടുത്ത് റീനല്‍ ഡിനര്‍വേഷന്‍ തെറാപ്പിക്ക് വിധേയനാക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും കോര്‍ഡിനേറ്ററുമായ ഡോ. രമേഷ് നടരാജന്‍ പറഞ്ഞു.

ഒരു ചെറിയ ദ്വാരമുണ്ടാക്കി രക്തക്കുഴലിലേക്ക് കത്തീറ്റര്‍ പ്രവേശിപ്പിച്ച് വ്യക്കയിലും അനുബന്ധ ഞരമ്പുകളിലും എത്തിച്ചു. ഈ കത്തീറ്ററിൽ നിന്നും പുറത്തുവരുന്ന റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ച് ഞരമ്പുകളുടെ ചുറ്റും പിണഞ്ഞു കിടക്കുന്ന സിമ്പതറ്റിക് നാഡികളെ കരിച്ചു കളയുന്നു. ഇതോടെ രക്തസമ്മര്‍ദ്ദം കുറയുകയും വൃക്കയിലെ സമ്മര്‍ദ്ദം ലഘുവാകുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രൊസീജിയറിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.

കാര്‍ഡിയോ തൊറാസിക് അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. സുഭാഷ് എസ്, ഡോ. അനില്‍ രാധാകൃഷ്ണന്‍ പിള്ള എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായി.

Share This Post
Exit mobile version