Press Club Vartha

നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം; സർവീസ് ഞായറാഴ്ച്ച മുതൽ

തിരുവനന്തപുരം: നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം. ആധുനിക സൗകര്യങ്ങളോടു കൂടിയ കെ എസ് ആർ ടി സിയുടെ അന്തർ സംസ്ഥാന സർവീസാണ് ഗരുഡ പ്രീമിയം. കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിലാണ് ഈ മാസം അഞ്ചാം തിയതി മുതൽ സർവീസ് ആരംഭിക്കുക. രാവിലെ 4.00 മണിക്ക് കോഴിക്കോടു നിന്നാണ് സർവീസ് ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് യാത്രതിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന് ബാംഗ്ലൂർ എത്തിച്ചേരും. ഉച്ചയ്ക്ക് 2.30ന് ബാംഗ്ലൂരിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

നവകേരള ബസിൽ മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും ഏർപ്പെടുത്തിയ സൗകര്യങ്ങൾ നില നിർത്തിയാണ് ഗരുഡ പ്രീമിയം യാത്ര തുടരുന്നത്. യാത്രക്കാർക്ക് യൂറിനലിനായി ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രം ബസ്സിനുള്ളിൽ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ഇത് യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

കൂടാതെ ആധുനിക രീതിയിലുള്ള എയർകണ്ടിഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണ് ഉള്ളത്. അതോടൊപ്പം ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാഗ്ലൂർ (സാറ്റ്ലെറ്റ് , ശാന്തിനഗർ ) എന്നിവയാണ് സ്റ്റോപ്പുകൾ. സർവീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. AC ബസ്സുകൾക്കുള്ള 5% ലക്ഷ്വറി ടാക്സും നൽകണം.

Share This Post
Exit mobile version