Press Club Vartha

പനമ്പിള്ളി നഗര്‍ സംഭവം മനസാക്ഷിയെ ഉലയ്ക്കുന്നത്: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍

എറണാകുളം: സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് പോലെയുള്ള ക്രൂരതകള്‍ ആരും ചെയ്യരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. നവജാത ശിശു കൊല്ലപ്പെട്ട എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റും പരിസരവും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസിനെ വല്ലാതെ ഉലയ്ക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ തെരുവിലേക്ക് വലിച്ചെറിയുകയോ കൊല്ലുകയോ ചെയ്യരുത്. അവരെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍, ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പെടെ അനവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ അവിടെ സുരക്ഷിതരായി വളരുമെന്നും അദ്ദേഹം പറഞ്ഞു.

പനമ്പിള്ളി നഗറിലെ സംഭവത്തില്‍ കമ്മീഷന്‍ കേസ് എടുത്തിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെയാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Share This Post
Exit mobile version