കഴക്കൂട്ടം: കഴക്കൂട്ടം വെട്ടുറോഡിൽ ടിപ്പർ അപകടത്തില്‍ സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പിനോട് അടിയന്തിര പരിശോധന നടത്തി നടപടി സ്വീകരിക്കാൻ നിർദേശിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കൂടാതെ സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റി അമിത വേഗതയില്‍ ഓടിച്ച് മനുഷ്യരെ കൊല്ലുന്നതിനെതിരെ നടപടി സ്വീകരിക്കുവാന്‍ അലംഭാവം കാട്ടിയിട്ടുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ടിപ്പര്‍ അപകടം മൂലം ജീവൻ പൊലിയുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ നേരത്തെ തന്നെ അമിതവേഗതയും മരണപ്പാച്ചിലും അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 2 ന് ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ മന്ത്രി തന്നെ നേരിട്ട് അക്കമിട്ട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ അക്കാര്യത്തില്‍ യാതൊരു നടപടികളും ഇതു വരെയും ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇന്ന് നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് അടിയന്തിരമായി വിശദീകരണം തേടി സമര്‍പ്പിക്കുവാന്‍ ഗണേഷ് കുമാർ നിർദേശിച്ചിരിക്കുകയാണ്.
ഇന്ന് വൈകുന്നേരമാണ് ദേശിയ പാതയിൽ വെട്ടുറോഡിൽ ടിപ്പർ ലോറിക്കിടയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചത്. പെരുമാതുറ സ്വദേശി റുക്‌സാന(38)യാണ് മരിച്ചത്. കഴക്കൂട്ടത്ത് നിന്നും കണിയാപുരത്തേക്ക് വരുന്ന വഴി ദേശിയ പാതയിൽ വെട്ടുറോഡ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.
റുക്‌സാന സുഹൃത്തായ സമീഹയ്‌ക്കൊപ്പമാണ് യാത്ര ചെയ്തിരുന്നത്. സമീഹയാണ് വണ്ടി ഓടിച്ചിരുന്നത്. ടിപ്പർ ലോറി ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. തുടർന്ന് ലോറിയിൽ തട്ടിയ റുക്സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിന്‍ ടയറുകള്‍ റുസ്കാനയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന സമീഹയ്ക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളു.
സംഭവത്തിൽ ലോറി ഡ്രൈവര്‍ നഗരൂര്‍ സ്വദേശി ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച റുക്സാനയും സ്കൂട്ടർ ഓടിച്ചിരുന്ന സമീഹയും മാടൻവിള ശംസുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികമാരാണ്.