
കഴക്കൂട്ടം: കഴക്കൂട്ടത്ത് വീട് കത്തിനശിപ്പിച്ചയാൾ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടയും 40 ഓളം കേസിലെ പ്രതിയുമായ കഠിനംകുളം സ്വദേശി രതീഷ് എന്ന പഞ്ചായത്ത് ഉണ്ണിയാണ് (36) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെൻ്റാൻഡ്രൂസ് കനാൽ പുറംപോക്കിൽ താമസക്കാരനായ ഷാലൻ്റെ വീടാണ് പ്രതി അഗ്നിക്കിരയാക്കിയത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു വീട് അഗ്നിയ്ക്കിരയാക്കിയത്. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. എന്നാൽ വീടു പൂർണമായും കത്തി നശിക്കുകയായിരുന്നു.
നേരത്തെ ഇരുവരും തമ്മിലുള്ള തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. അഴ്ചകൾക്ക് മുൻപ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി ഷാലൻ്റ ഭാര്യയായ വീട്ടമ്മയുടെ കഴുത്തിൽ വെട്ടുകത്തി വെച്ച് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ,വീട്ടിലെ ഹാളിൽ കിടന്ന കസേര വെട്ടി പൊളിച്ചു നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. തൻ്റെ ഭർത്താവിനെ ചീത്ത വിളിച്ചതിന് പറഞ്ഞു വിലക്കിയതിലുള്ള വിരോധത്താലാണ് ഇയാൾ വീട്ടിൽ കയറി ഭീഷണി മുഴക്കിയത്. ഈ സംഭവത്തിൽ ഷാലൻ പോലീസിൽ പരാതിയും നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയതോടെ ഷാലനും ഭാര്യയും സ്വന്തം വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നു.
ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ പ്രതി ഇവരുടെ വീട്ടിലെത്തി വീടിനു തീയിട്ടത്. പാർവതി പുത്തനാർ നീന്തി കടന്നാണ് ഇയാൾ ഷാലൻ്റെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
പൂർണമായും അഗ്നിക്കിരയായ വീട് കഴക്കൂട്ടത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. തുടർന്ന് ശനിയാഴ്ച വെളുപ്പിന് മുരുക്കുംപുഴയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടി.