തിരുവനന്തപുരം: കരമന അഖിൽ കൊലപാതക കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ പിടിയിലായതായി പോലീസ്. അഖിൽ അപ്പു എന്നയാളാണ് കസ്റ്റഡിയിലുളളത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളാണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി മർദിച്ചതെന്നാണ് പോലീസ് പറയുന്നത്.
അഖിൽ അപ്പുവിന്റെ അറസ്റ്റോടുകൂടി ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ നാലു പേരും കേസിൽ പിടിയിലായിട്ടുണ്ട്. ഇനി രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. ഇവർ ഒളിവിൽ കഴിയുകയാണ്. ഉണ്ടാണ് തന്നെ ഇവരെയും പിടികൂടുമെന്ന് പോലീസ് അറിയിച്ചു. അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായത്. വിനീത്, സുമേഷ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
ഇന്നലെ വൈകുന്നേരമാണ് ഡ്രൈവർ അനീഷിനെ പോലീസ് പിടികൂടിയത്. ബാലരാമപുരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. അനീഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ളവരിലേക്ക് പോലീസ് എത്തിയത്. കഴിഞ്ഞ ദിവസമാണ് കരമന സ്വദേശി അഖിലിനെ കാറിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. അതിക്രൂരമായിട്ടാണ് ഇവർ കൃത്യം നടത്തിയത്. കഴിഞ്ഞ മാസം 26ന് പാപ്പനംകോടുള്ള ബാറിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.