Press Club Vartha

പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം; അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്

കൊച്ചി: പെരിയാറിൽ രാസമാലിന്യം കലർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രതിയകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

പാതാളം റെഗുലേറ്റർ ബ്രിഡ്ജിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്സിജൻ്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞതാണോ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിൻ്റെ ഫലമായാണോ സംഭവം നടന്നതെന്ന് തിരിച്ചറിയാൻ സംഭവസ്ഥലത്തെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ഇതിനോടകം ശേഖരിച്ച് കുഫോസ് സെൻട്രൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്ന് പി രാജീവ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ് ,വാട്ടർ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

അതെ സമയം സംഭവത്തിൽ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കർഷകർ പ്രതിഷേധിക്കുന്നത്. സർക്കാർ സ്ഥാനപനങ്ങളുടെ അനാസ്ഥയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും ഇത്രയധികം നഷ്ടം ഇതുവരെ മത്സ്യക്കർഷകർക്ക് ഉണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

Share This Post
Exit mobile version