Press Club Vartha

ബാര്‍ കോഴ ആരോപണം; ഡിജിപിക്ക് കത്ത് നൽകി മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ബാർ കോഴ ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ തുടർ നടപടികളുമായി എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രംഗത്ത്. സംസ്ഥാനത്ത് വിവാദമായ ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി ഡിജിപി ഷെയ്‌ഖ് ദര്‍വേശ് സാഹിബിന് കത്ത് നൽകി. പുറത്തുവന്ന ശബ്ദസന്ദേശത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.

പുതിയ മദ്യനയം നടപ്പാക്കുന്നതു സംബന്ധിച്ചാണ് പുറത്തുവന്ന ശബ്‌ദ രേഖ. സംസ്ഥാനത്തെ ഓരോ ബാറുടമകളില്‍ നിന്നും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമെന്നാണ് ശബ്‌ദ രേഖയിൽ നിന്നും വ്യക്തമാക്കുന്നത്. സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നിരുന്നത്.

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു. ശബ്ദരേഖ കേട്ടുവെന്നും സർക്കാർ വളരെ ഗൗരവത്തോടെയാണ് ഇത് കാണുന്നതുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. മദ്യ നയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ല. മാത്രമല്ല സംഭവത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഡി ജി പിക്ക് കത്തയച്ചിരിക്കുന്നത്.

Share This Post
Exit mobile version