Press Club Vartha

അയോർട്ടിക് അന്യൂറിസത്തിന് നൂതന ചികിത്സ; കസ്റ്റം മെയ്ഡ് ‘അനക്കൊണ്ട’ ഉപകരണം ഉപയോഗിച്ച് കിംസ്ഹെൽത്ത്

തിരുവനന്തപുരം: സങ്കീർണ്ണമായ അന്യൂറിസം ചികിത്സയ്ക്കായി രോഗിയുടെ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ ‘അനക്കൊണ്ട’ ഉപകരണം ഉപയോഗിച്ച് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. 79-കാരനായ രോഗിയുടെ അയോർട്ടിക് അന്യൂറിസം ചികിത്സിക്കുവാനാണ് ഈ അതിനൂതന ചികിത്സാരീതി ഉപയോഗിച്ചിരിക്കുന്നത്. ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന ഏറ്റവും വലിയ ധമനിയായ അയോർട്ടയുടെ താഴ്ഭാഗത്തായാണ് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അന്യൂറിസം ഉണ്ടായിരുന്നത്. രക്തക്കുഴലുകളിൽ ഒരു ബലൂൺ പോലെ വീക്കമുണ്ടാകുന്ന അവസ്ഥയാണ് അന്യൂറിസം. ശ്രദ്ധിക്കാൻ വൈകിയാൽ ധമനിയിൽ പൊട്ടലുണ്ടാകുകയും വലിയ സങ്കീർണ്ണതകൾക്ക് കാരണമാവുകയും ചെയ്യും.

ഹെര്‍ണിയയ്ക്കുള്ള ചികിത്സ തേടിയാണ് കൊല്ലം സ്വദേശിയായ രോഗി ആശുപത്രിയിൽ എത്തുന്നത്. എന്നാൽ രോഗിയിൽ നടത്തിയ വിശദ പരിശോധനകളിൽ അടിവയറ്റില്‍ 8 സെ.മീ വ്യാസമുള്ള അയോട്ടിക് അന്യൂറിസം കണ്ടെത്തുകയായിരുന്നു.

രോഗിയുടെ വൃക്കയിലേക്കും കുടലിലേക്കും രക്തമെത്തിക്കുന്ന ധമനിക്ക് തൊട്ടടുത്തായി കോണാകൃതിയിലായിരുന്നു അന്യൂറിസം. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഉപകരണങ്ങൾ ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ലെക്സിബിൾ സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിക്കാൻ ആരോഗ്യസംഘം തീരുമാനിക്കുകയായിരുന്നുവെന്ന് ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ് പറഞ്ഞു.

10 മണിക്കൂറോളം നീണ്ടുനിന്ന പ്രൊസീജിയറിലൂടെ ‘അനക്കോണ്ട’ ഉപകരണം അന്യൂറിസത്തില്‍ സ്ഥാപിക്കുകയും തുടർന്ന് ഉദരത്തിലെ രക്തക്കുഴലുകളിൽ ക്യാനുലേഷനും സ്റ്റെന്റിംഗും നടത്തുകയും ചെയ്തു. ഈ രക്തക്കുഴൽ ശാഖകളാണ് കരൾ, കുടൽ, വൃക്കകൾ എന്നീ അവയവങ്ങൾക്ക് ആവശ്യമായ രക്തപ്രവാഹവും അവയുടെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നത്.

രാജ്യത്ത് ഇതാദ്യമായാണ് ഫ്‌ളെക്‌സിബിൾ സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ച് അയോർട്ടിക് അന്യൂറിസം ചികിൽസിക്കുന്നത്. അന്യൂറിസത്തിന്റെ വലിപ്പം, അത് ബാധിക്കപ്പെട്ട ശരീര ഭാഗം എന്നീ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രൊസീജിയറിന് ഉപയോഗിച്ച ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. – ഡോ. മനീഷ് പറഞ്ഞു. ചികിത്സയ്ക്ക് ശേഷം പൂര്‍ണാരോഗ്യം വീണ്ടെടുത്ത് രോഗി ആശുപത്രി വിട്ടു. ഈ നൂതന ചികിത്സാരീതിയിലൂടെ അയോര്‍ട്ടിക് അന്യൂറിസം ഭേദമാക്കാനും, മറ്റ് സുപ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സംരക്ഷിച്ച് രോഗിയുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമേജിംഗ് & ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം സീനീയര്‍ കണ്‍സള്‍ട്ടന്റ് & ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ. മാധവന്‍ ഉണ്ണി, ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് & ക്ലിനിക്കൽ ലീഡ് ഡോ സന്തോഷ് ജോസഫ്, കാർഡിയോതൊറാസിക് വിഭാഗം സീനിയർ കൺസൽട്ടൻറ് & കോഓര്‍ഡിനേറ്റര്‍ ഡോ. ഷാജി പാലങ്ങാടൻ, കാർഡിയോ തൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ സുഭാഷ് എസ്, ഡോ. അനില്‍ രാധാകൃഷ്ണന്‍ പിള്ള എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായി.

 

Share This Post
Exit mobile version