തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ. വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കാലവർഷം എത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
ചാല മാർക്കറ്റിലും തമ്പാനൂരിലും വെള്ളം കയറി. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. പലയിടങ്ങളിലും വൻ നാശനഷ്ടവും വെള്ളക്കെട്ടുമുണ്ടായി. കിള്ളിയാർ ഡാം കരകവിഞ്ഞൊഴുകി. പൊഴിയൂരിൽ കടലാക്രമണം രൂക്ഷമാണ്.
മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ നിലവിൽ ഏട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരാണുള്ളത്. തിരുവനന്തപുരം, വർക്കല, കാട്ടാക്കട താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതവും നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിൽ ഓരോ ക്യാമ്പുകൾ വീതവും പ്രവർത്തിക്കുന്നു.
തിരുവനന്തപുരം താലൂക്കിൽ ജി.എച്ച്.എസ്. കാലടി, നെടുമങ്ങാട് താലൂക്കിൽ തേമ്പാമൂട് അങ്കണവാടി, വർക്കല താലൂക്കിൽ മുട്ടള ജി.എൽ.പി.എസ്, കുളമുട്ടം ജി.എൽ.പി.എസ്, കാട്ടാക്കട താലൂക്കിൽ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ തുറന്നത്.
അതെ സമയം സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർകോട്ട് മിന്നലേറ്റ് വയോധികനും മരിച്ചു.