കഴക്കൂട്ടം: തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം വേദി പങ്കിട്ട് അദ്ദേഹത്തിന്റെ പ്രസംഗം തത്സമയം വിവർത്തനം ചെയ്ത് അഭിനന്ദനം നേടുകയും, അദ്ധ്യാപക രംഗത്തും പൊതുപ്രവർത്തന രംഗത്തും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച് നാട്ടുകാരുടെ വിദ്യാർത്ഥികളുടെ പ്രശംസ പിടിച്ചു പറ്റിയ മുരുക്കുംപുഴ ഇടവിളാകം യു.പി. സ്കൂളിലെ നിന്ന് വിരമിച്ച അധ്യാപകൻ പള്ളിപ്പുറം ജയകുമാറിന് പള്ളിപ്പുറം പൗരസമിതിയുടെ ആദരവ്.
പൊതുവിദ്യാലയ വികസനം സാധ്യമാക്കിയ ജയകുമാറിന് നിരവധി പുരസ്ക്കാരങ്ങൾ നേടാനായി. 2015 ൽ സംസ്ഥാന സർക്കാറിന്റെ പ്രകൃതി മിത്ര, സിറ്റിസൺ കൺസർവേറ്റർ പുരസ്ക്കാരകൾ, മികച്ച കമൻ്റേറ്റർക്കുള്ള പുരസ്ക്കാരം , മികച്ച ബി.എൽ ഒ ക്കുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്ക്കാരം എന്നിവ നേടി. ഗ്രാമസഭാ കോ-ഓർഡിനേറ്റർ, പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ കോ ഓർഡിനേറ്റർ, ബി.എൽ ഒ എന്നീ നിലകളിലും സമൂഹ നന്മക്കായി പ്രവർത്തിച്ചു. ആകാശവാണി നാടക കലാകാരൻ, ദൂരദർശൻ വാർത്താ അവതാരകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
150 ൽ പരം റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. 2014 മുതൽ പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകനായും പ്രവർത്തിക്കുന്നു. 2015 ലെ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലെത്തിയ അമേരിക്കൻ പ്രസിഡൻ്റ് ബറാക് ഒബാമയുടെ പ്രസംഗം മൊഴിമാറ്റി അവതരിപ്പിച്ചത് ഈ മേഖലയിലെ മറ്റൊരു മികവാണ്. 250ൽ പരം ഡോക്യുമെൻ്ററികൾ ദൂരദർശന് വേണ്ടി ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ശബരിമല മകരവിളക്ക് മഹോത്സവം ചെട്ടിക്കുളങ്ങര ഭരണി എന്നിവ നാഷണൽ ദൂരദർശന് വേണ്ടി നിരവധി വർഷങ്ങൾ കമൻ്ററി നൽകിയിട്ടുണ്ട്.
2014 മുതൽ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം ദൂരദർശനിൽ വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നു. അയോധ്യ രാമക്ഷേത്രനിർമ്മാണ ശിലാന്യാസ ചടങ്ങുകളും തത്സമയം വിവർത്തനം ചെയ്തവതരിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ക്ഷണപ്രകാരം 2023 സ്വാതന്ത്ര്യ ദിനം, 2024 ലെ റിപ്പബ്ലിക് ദിനം എന്നീ ആഘോഷങ്ങളിൽ ദില്ലിയിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്, ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല . ആരോഗ്യ മന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരുടെ നിരവധി പ്രസംഗങ്ങൾ തത്സമയം വിവർത്തനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. ഇടവിളാകം യു. പി. സ്കൂളിൽ നടപ്പിലാക്കിയ പ്രകൃതി സൗഹൃദ പഠനാന്തരീക്ഷം പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസിയുടെ കമ്മൂണിറ്റി റസ്പോൺസിബിലിറ്റി ഫണ്ടിന് വിദ്യാലയം അർഹമായ സന്തോഷത്തിലാണ് ജയകുമാർ വിരമിക്കുന്നത്. പ്രാരംഭ വികസന പ്രവർത്തനങ്ങൾക്കായി വിദ്യാലയത്തിന് 60 ലക്ഷം രൂപ അനുവദിച്ചു.
പള്ളി പുറം സൗപർണികയിലാണ് താമസം ഭാര്യ R ബിന്ദു വീട്ടമ്മയാണ്. മകൻ അഖിൽ സോഫ്റ്റ്വെയർ ഇഞ്ചിനീയർ മകൾ അഖില എം.ബി.എ വിദ്യാർത്ഥിനിയാണ് അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് പള്ളിപ്പുറം ജയകുമാറിന്റെ പൂർവ്വകാല വിദ്യാർത്ഥിയും, മധ്യമേഖലാ ഡിഐജിയുമായ പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദാ ബീവി, ഗ്രാമ പഞ്ചായത്തംഗം പി. അനിൽകുമാർ, അഡ്വ. മുനീർ, അഡ്വ. മീനാ കുമാർ, പൊതു പ്രവർത്തകരായ പൊടിമോൻ അഷറഫ്, കെ.വിജയകുമാർ, എൻ.എസ്.എസ് പ്രതിനിധി സഭാംഗം രാജേഷ് രാമചന്ദ്രൻ, അശ്വതി സ്റ്റുഡിയോ ഉടമ കെ.എസ്. അനിൽകുമാർ, സജികുമാർ പോത്തൻകോട്, അഭിലാഷ്, അഡ്വ. ചന്ദ്രചൂഢൻ, പ്രദീപ് കുമാർ, പള്ളിപ്പുറം വിനോദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ വിവിധ വിദ്യാലയങ്ങളിലെ75 ൽപ്പരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.