തിരുവനന്തപുരം: ലോക്‌സഭാ ഇലക്ഷൻ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കേരളത്തിൽ അട്ടിമറി വിജയമാണ് യു ഡി എഫ് നടത്തുന്നത്. 20 മണ്ഡലങ്ങൾ 17 ഇടത്തും യു ഡി എഫാണ് മുന്നേറുന്നത്. ബി ജെ പി തിരുവനന്തപുരവും തൃശ്ശൂരും മുന്നേറുകയാണ്. ഒരു ഇടത്ത് മാത്രമാണ് എൽ ഡി എഫ് മുന്നേറുന്നത്. സംസ്ഥാനത്ത് എൽ ഡി എഫ് ഒറ്റ സീറ്റിൽ ഒതുങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്.
വലിയ ആത്മവിശ്വാസത്തിലായിരുന്നു എൽ ഡി എഫ്. അത് മാറ്റി മറിക്കുന്നത് വിധമാണ് പുതിയ ഫലങ്ങൾ പുറത്തുവന്നത്. ആലത്തൂരിൽ മാത്രമാണ് എൽ ഡി ഫിനു മുന്നേറാൻ സാധിച്ചത്. കെ രാധാകൃഷ്ണനാണ് ആലത്തൂരിലെ സ്ഥാനാർഥി. 8732 വോട്ടിലാണ് രാധാകൃഷ്ണൻ ലീഡ് ചെയ്യുന്നത്. കേരളത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. ദേശീയ സാഹചര്യമായിരിക്കാം കാരണമെന്നും അദ്ദേഹം പ്രതികരിച്ചു.
എൽ ഡി എഫിന്റെ കണക്കുകൂട്ടലുകൾ പിഴച്ച ഒരു റിസൾട്ടാണ് ആദ്യ മണിക്കൂറുകളിൽ പുറത്തു വരുന്നത്. എല്ലാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാർഥികളെയാണ് നിർത്തിയതും. തിരുവനന്തപുരം പിടിച്ചെടുക്കുമെന്ന ധാരണയിൽ പന്ന്യൻ രവീന്ദ്രനെ നിർത്തിയെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ സമയങ്ങളിൽ പോലും പന്ന്യൻ രവീന്ദ്രന്റെ പേര് ഉയർന്നു വന്നില്ല. അതെ സമയം കൊല്ലത്ത് മുകേഷായിരുന്നു ആദ്യ മണിക്കൂറുകളിൽ ലീഡ് ചെയ്തിരുന്നത്. അതാണ് ഒറ്റയടിക്ക് താണത്. അതെ സമയം ആറ്റിങ്ങലിൽ ലീഡ് നില മാറി മാറി വന്നിരുന്നു.
എൽ ഡി എഫ് ഏറ്റവും പ്രതീക്ഷ അർപ്പിച്ചിരുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടകര. ആദ്യ സമയങ്ങളിൽ കെ കെ ഷൈലജ ടീച്ചർ മുന്നേറിയെങ്കിലും ഷാഫി പറമ്പിൽ മുന്നേറിയിരിക്കുകയാണ്. വടകരയിൽ ഷാഫി പറമ്പിൽ 30,000 വോട്ടുകൾക്ക് മുൻപിലാണ്.