Press Club Vartha

കൃഷ്ണപ്രിയയോടുള്ള വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി

തൃശൂര്‍: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ സ്വദേശി കൃഷ്ണപ്രിയയ്ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മത്സരത്തിനണിയാനുള്ള വേഷം വാങ്ങാന്‍ വീട്ടിലെ ഉപജീവനമാര്‍ഗമായ പശുവിനെ വിറ്റാണ് കൃഷ്ണപ്രിയ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്. ഈ വാര്‍ത്ത കണ്ടപ്പോള്‍ സമ്മാനവിതരണ വേദിയില്‍ വെച്ച് തന്നെ കൃഷ്ണപ്രിയയ്ക്ക് പശുവിനെ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും പശുവിനെ ഏര്‍പ്പാടാക്കി നല്‍കാന്‍ വൈസ് ചാന്‍സലറോട് മന്ത്രി നിര്‍ദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് ചട്ടങ്ങളും മറ്റും കാരണം നീണ്ടുപോയ ചടങ്ങ് മണ്ണുത്തിയിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമില്‍ നടന്നു. മാതാപിതാക്കളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഫാം തൊഴിലാളികളെയും സാക്ഷി നിര്‍ത്തി കൃഷ്ണപ്രിയ ഫ്രീസ്വാള്‍ ഇനത്തില്‍പ്പെട്ട സങ്കരയിനം കിടാരിയെ മന്ത്രി ജെ ചിഞ്ചുറാണിയില്‍ നിന്നും ഏറ്റുവാങ്ങി. യുവതലമുറയെക്കൂടി കാര്‍ഷികരംഗത്തേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം കൈമാറ്റങ്ങളെന്ന് മന്ത്രി പറഞ്ഞു.

കിടാരിയോടൊപ്പം തന്നെ അനിമല്‍ പാസ്‌പോര്‍ട്ടും സര്‍വകലാശാല നല്‍കി.  കിടാരിയുടെ ഉയരം, ഭാരം, ജനനത്തീയതി, പ്രതിരോധ കുത്തിവെപ്പുകള്‍, പിതൃത്വം, മാതൃത്വം, പ്രസവിക്കുന്ന തീയതി- ഇതൊക്കെ രേഖപ്പെടുത്തിയതാണ് പാസ്‌പോര്‍ട്ട്. ഗര്‍ഭിണിയായ പശുവിന് ഗര്‍ഭകാലത്ത് നല്‍കാനുള്ള തീറ്റയും ഒപ്പം സര്‍വകലാശാലയുടെ മൃഗസംരക്ഷണസംബന്ധിയായ പുസ്തകങ്ങളും കൃഷ്ണപ്രിയയ്ക്കും കൃഷ്ണപ്രിയയുടെ സ്‌കൂളായ വരന്തരപ്പിള്ളി സി ജെ എം സ്‌കൂള്‍ ലൈബ്രറിക്കും നല്‍കി.

യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഡ്വ. കെ രാജന്‍ അധ്യക്ഷനായി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കെ എസ് അനില്‍, ഡയറക്ടര്‍ ഓഫ് അക്കാദമിക് റിസര്‍ച്ച് ഡോ. സി ലത, സംരംഭകത്വവിഭാഗം ഡയറക്ടര്‍ ഡോ. ടി എസ് രാജീവ്, കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷൈന്‍, വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ഡോ. പി സുധീര്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post
Exit mobile version