Press Club Vartha

കഠിനംകുളം അപകടം: നാഫില അപകടത്തിൽപ്പെട്ട് മരിച്ചത് ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നതിനിടെ

കഴക്കൂട്ടം: ചികിത്സയ്ക്കായി ആശുപത്രിയിൽ പോകവേ കഠിനംകുളത്ത് ഓട്ടോകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. ഏഴു വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.

തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിലാണ് ഓട്ടോകൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. വർക്കല ശ്രീനിവാസപുരം റോഡുവിള വീട്ടിൽ നാഫില (30)യാണ് മരിച്ചത്. മരിച്ച നാഫിലയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായിരുന്ന ജലാൽ, ജലാലിൻ്റെ സഹോദരി സജ്ന, മരിച്ച നാഫിലയുടെ മകൾ 7 വയസുള്ള ദിയ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. സജ്‌നയുടെ നില ഗുരുതരമായി തുടരുകയാണ്.

തീരദേശപാതയിൽ വെട്ടുതുറ കോൺവെൻ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്. നാഫിലയും കുടുംബവും വർക്കലയിൽ നിന്നും ഓട്ടോയിൽ തിരുവനന്തപുരം ഭാഗത്ത് പോകുകയായിരുന്നു. അതെ സമയം തുമ്പ ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ മറ്റൊരു ഓട്ടോ ഇവരുടെ ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ഓട്ടോകളും പൂർണമായി തകർന്നു. അഞ്ചുതെങ്ങ് സ്വദേശിയുടെ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ഈ ഓട്ടോയിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർക്ക് നിസാര പരിക്കുകളെ ഉള്ളുവെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. ഓട്ടോക്കുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.

നാഫിലയ്ക്ക് നേരത്തെ ശസ്ത്രക്രിയ നടന്നിരുന്നു.ഇതിൻ്റെ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പോകുമ്പോഴായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരിൽ ദിയ ഫാത്തിമയെ എസ്എടി ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാഫില യുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share This Post
Exit mobile version