
തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. നെടുമങ്ങാട് വലിയമല സ്വദേശി അരുൺ ബാബുവാണ് മരിച്ചത്. 37 വയസായിരുന്നു.
ഏഴുമാസം മുമ്പാണ് അരുൺ ബാബു കുവൈറ്റിൽ എത്തിയത്. മൂന്നും പതിമൂന്നും വയസുള്ള പെണ്‍മക്കളാണ് അരുൺ ബാബുവിനുള്ളത്.
നിത്യവും അരുൺ വീട്ടിലേക്ക് ഫോൺ ചെയ്യുമായിരുന്നു. എന്നാൽ ഇന്നലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഫ്ലാറ്റിലെ തീപിടുത്തം വാർത്ത അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കൾ അരുൺ ബാബുവിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ മുതൽ അരുൺ ബാബുവിനെ കാണാനില്ലെന്ന് ആയിരുന്നു സുഹൃത്തുക്കൾ ആദ്യം ബന്ധുക്കളെ അറിയിച്ചത്.
തുടർന്ന് നോർക്കയുടെ കൺട്രോൾ റൂം ഇന്ന് അരുൺ ബാബുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ അരുൺ ബാബുവിന്റെ അമ്മ അടക്കമുള്ളവരോട് മരണവിവരം ഇതുവരെ അറിയിച്ചിട്ടില്ല. അരുൺ ബാബുവിനെ വിയോഗം അറിഞ്ഞ ഉടൻ തന്നെ മന്ത്രിമാരായ ജി ആർ അനിലും വി ശിവൻകുട്ടിയും സ്ഥലത്തെത്തുകയും അരുൺ ബാബുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തു.