Press Club Vartha

കെഎസ്ആർടിസി സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പ് നിർവ്വഹിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പ് നിർവ്വഹിക്കും. കെ.എസ്.ആര്‍.ടി.സി.യിലെ സിവില്‍ വർക്കുകൾ പി.ഡബ്ല്യു.ഡി. വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ഗതാഗതവകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ ചർച്ച നടത്തി.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകൾ ഇനിമുതൽ പി.ഡബ്ല്യു.ഡി. വഴി സ്മാര്‍ട്ട് ബസ് ടെര്‍മിനല്‍ ആയി നിർമ്മിക്കുവാൻ തീരുമാനിച്ചു. കൂടാതെ കെ.എസ്.ആര്‍.ടി.സി.യില്‍ മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മരാമത്ത് പണികളും എംഎൽഎ ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ച് പുതുതായി ആരംഭിക്കുന്നതും ഉദ്ദേശിക്കുന്നതുമായ പ്രവർത്തികളും പി.ഡബ്ല്യു.ഡി. മുഖേന ചെയ്യാന്‍ തീരുമാനിച്ചു.
കെ.എസ്.ആര്‍.ടി.സി., ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികൾക്കായി ചർച്ച നടത്തി നടപ്പിലാക്കും. പി ഡബ്ല്യു ഡിക്ക് നൽകുന്ന പ്രവർത്തികളും ടൂറിസം രംഗത്തെ പദ്ധതികളും ഓരോ മൂന്നുമാസം കൂടുമ്പോഴും ഗതാഗത വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തിൽ അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചു.

പി.ഡബ്ല്യു.ഡി. സെക്രട്ടറി, കെഎസ്ആര്‍ടിസി സി.എം.ഡി, പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയര്‍, ജനറല്‍ മാനേജര്‍ (പ്രോജക്ട്സ്), പി.ഡബ്ല്യു.ഡി.യിലെയും, കെ.എസ്.ആര്‍.ടി.സി.യിലെയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version