എറണാകുളം: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ വിഷയത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്ത്. സംഭവത്തിൽ പ്രാഥമികമായ റിപ്പോർട്ട് മെഡിക്കൽ ടീം നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഗൗരവകരമായ വിഷയമാണിത്. ആരോഗ്യ വകുപ്പ് 30 അംഗ സംഘത്തെ അവിടെ നിയോഗിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വെള്ളത്തിൽ നിന്ന് തന്നെയാണ് ഈ ആരോഗ്യപ്രശ്നം ഉണ്ടായതെന്നും കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ നൽകിയെന്നും ആരോഗ്യ വകുപ്പിൻ്റെ ടീം പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടിയത്. വെള്ളത്തിൽ നിന്നുള്ള ബാക്ടീരിയ അണുബാധ തന്നെയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികള്‍ക്കുള്‍പ്പടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.