മലപ്പുറം: റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. അടുത്ത വീട്ടിലെ ഗേറ്റിലാണ് കുട്ടി കുടുങ്ങിയത്.
തിരൂർ വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാനാണ് മരിച്ചത്. കുട്ടി വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് അപ്പുറത്തേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
കുട്ടി ഗേറ്റ് കടക്കുന്നതിനിടെ ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുട്ടി അകപെടുകയും ആയിരുന്നു. സംഭവം നടന്ന സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല.
കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടി കൂടുകയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പക്ഷെ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.