
പെരുമാതുറ: മത്സ്യതൊഴിലാളികളോട് സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പെരുമാതുറ മുതലപ്പൊഴി അപകട മേഖലയും മരണപ്പെട്ട തൊഴിലാളികളുടെ വീടും സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വള്ളം അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സാങ്കേതികത്വത്തിൻ്റെ പേരിൽ സർക്കാർ സഹായം നിഷേധിക്കുന്നത് മത്സ്യതൊഴിലാളികളോടുള്ള ക്രൂരതയാണ്.
അദാനി കമ്പനിക്ക് വേണ്ടി മത്സ്യതൊഴിലാളികളെ ബലി കൊടുക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഫിറോസ് പറഞ്ഞു. ഹാർബറിൻ്റെ തെക്ക് ഭാഗത്തെ പുലിമുട്ട് പൊളിച്ച് അദാനിക്ക് സൗകര്യം ഒരുക്കിയതും ദുരന്തങ്ങളുടെ വ്യാപ്തി കൂട്ടുന്നതിന് കാരണമായി തീർന്നതെന്നും, ഇത് നീതികരിക്കുവാൻ ആകില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
വൈകീട്ട് അഞ്ചുമണിയോടെയാണ് പി.കെ ഫിറോസ് മുതലപ്പൊഴിയിലെത്തിയത്. മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്ന അഴിമുഖ പ്രദേശം നോക്കിക്കണ്ട അദ്ദേഹം തദ്ദേശവാസികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോണ്‍ ഫെര്‍ണാണ്ടസിന്റെ കുടുംബത്തെ പി.കെ ഫിറോസ് സന്ദര്‍ശിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന, ഫൈസ് പൂവച്ചല്‍, ഫറാസ് മറ്റപ്പള്ളി, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം തോന്നയ്ക്കല്‍ ജമാല്‍,കണിയാപുരം ഹലീം, മണ്ഡലം പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ്, ജനറല്‍ സെക്രട്ടറി ജസീം ചിറയിന്‍കീഴ്, കടവിളാകം കബീര്‍, ഷാഫി പെരുമാതുറ, ഫസിൽ ഹഖ്, എസ് എം അഷ്റഫ്, സുനിൽ മൗലവി, അൻസർ പെരുമാതുറ, എന്നിവർ ഫിറോസിനൊപ്പം ഉണ്ടായിരുന്നു.