തിരുവനന്തപുരം: കളിയിക്കാവിള ക്വാറി ഉടമ ദീപുവിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും പറഞ്ഞു. എന്നാൽ ഇവരെ പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ഇവർ പറഞ്ഞു. 10 ലക്ഷം രൂപയുമായിട്ടാണ് ദീപു വീട്ടിൽ നിന്ന് പോയത്. കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി. എന്നാൽ ആ പൈസ കാണാനില്ല.
അതെ സമയം ദീപുവിൻ്റെ കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദര വദനം അറിയിച്ചത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ദീപു മലയിൻകീഴിലെ വീട്ടിൽ നിന്നും പണവുമായി യാത്രതിരിച്ചത്. ഇന്നലെ രാത്രി 11.45നാണ് കളിയിക്കാവിളയിൽ വച്ച് മൃതദേഹം കണ്ടെത്തിയത്.
എസ്.ദീപുവിനെ ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ട കാറിനുള്ളിലാണ് കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തമിഴ്നാട് പൊലീസിന്‍റെ പട്രോളിങ്ങിനിടെയാണ് നിർത്തിയിട്ടിരിക്കുന്ന കാറിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കാറിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.