Press Club Vartha

ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കനത്ത നാശനഷ്ട്ടം റിപ്പോർട്ട് ചെയ്തു. 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മരം വീണും, മണ്ണിടിഞ്ഞും വ്യാപകനഷ്ടമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. അമ്പലപ്പുഴയിൽ വീടിന്‍റെ മേൽക്കൂര തകര്‍ന്ന് അമ്മയ്ക്കും നാലു വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. കണ്ണൂർ പയ്യന്നൂരിൽ മിന്നൽ ചുഴിലിയിൽ മരങ്ങൾ കടപുഴകി.

കൂടാതെ പൊരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +423 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. പരമാവധി സംഭരണശേഷിയിൽ ജലനിരപ്പെത്തിയാൽ ജലം തുറന്നുവിടുമെന്നതിനാൽ ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ രാത്രി യാത്രയ്ക്ക് ഇന്നും നിരോധനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ജൂൺ 27 നു രാത്രി 11.30 വരെ 2.9 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇതു മുൻനിർത്തി ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

Share This Post
Exit mobile version