Press Club Vartha

ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയം

കോഴിക്കോട്:ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. രാജ്യത്ത് തന്നെ അപൂർവമായി നടത്തുന്ന ബിസിഐ (ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ്) 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേർക്ക് വിജയകരമായി പൂർത്തിയാക്കി. സർക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണ്. സർക്കാരിന്റെ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് പേർക്ക് ഈ ഇംപ്ലാന്റ് വെച്ചുപിടിപ്പിച്ചത്. മൂന്ന് പേർക്ക് ഒറ്റ ദിവസം ഇത്തരം ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്. ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമാക്കിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കോഴിക്കോട് സ്വദേശികളായ 20 വയസുകാരിയ്ക്കും 8 വയസുകാരിയ്ക്കും വയനാട് സ്വദേശിയായ 23 വയസുകാരനുമാണ് ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 6 ലക്ഷം രൂപയോളം വില വരുന്നതാണ് ഓരോ ഇംപ്ലാന്റും. ശബ്ദം നേരിട്ട് ആക്ടീവ് ആംപ്ലിഫിക്കേഷൻ സാങ്കേതിക വിദ്യയിലൂടെയാണ് ബിസിഐ 602 ബോൺ ബ്രിഡ്ജ് ഇംപ്ലാന്റ് ഉപയോഗിക്കുന്നത്. ഇതിലൂടെ പുറം ചെവിയും മധ്യ ചെവിയിലുമുള്ള തകരാറുകൾ മറികടക്കാൻ സാധിക്കുന്നു. ജന്മനാ കേൾവി തകരാറുള്ള മൂന്നു കുഞ്ഞുങ്ങൾക്കാണ് കേൾവി ശക്തി തിരികെ ലഭിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ബോൺ കണ്ടക്ഷൻ ഇംപ്ലാന്റബിൾ ഹിയറിംഗ് ഡിവൈസ് കെ.എം.എസ്.സി.എൽ മുഖേനയാണ് ലഭ്യമാക്കിയത്.

ഇഎൻടി വിഭാഗം മേധാവി ഡോ. സുനിൽകുമാർ, പ്രൊഫസർമാരായ ഡോ. അബ്ദുൽസലാം, ഡോ. ശ്രീജിത്ത് എംകെ, സീനിയർ റസിഡന്റ് ഡോ. സഫ, അനസ്തേഷ്യ വിഭാഗം പ്രൊഫസർ ഡോ. ശ്യാം, ഡോ. വിപിൻ, സ്റ്റാഫ് നഴ്സുമാരായ ദിവ്യ, തെരേസ, ശ്യാമ, സബിത, ഓഡിയോളജി വിഭാഗം തലവൻ സമീർ പൂത്തേരി. ഓഡിയോളജിസ്റ്റ് നസ്ലിൻ, ക്ലിനിക്കൽ സ്പെഷ്യലിസ്റ്റ് നിഖിൽ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

Share This Post
Exit mobile version