Press Club Vartha

വിഴിഞ്ഞം തുറമുഖത്ത് പടുകൂറ്റൻ കപ്പൽ ഉടൻ എത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് പടുകൂറ്റൻ കപ്പൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം. മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യം എത്തുന്ന പടുകൂറ്റൻ കപ്പൽ. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയാണ് മെസ്‌ക്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായിട്ടാണ് കപ്പൽ തീരത്തെത്തുന്നത്.

ട്രയൽ റണ്ണിന്റെ ഭാഗമായിട്ടാണ് കപ്പൽ എത്തുന്നത്. അധികം വൈകാതെ കമ്മീഷനിംഗ് നടത്തുമെന്നാണ് സൂചന. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്.

ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് കപ്പൽ പുറപ്പെട്ടു. ഇനി ആറു ദിവസത്തിനുള്ളിൽ കപ്പൽ തീരത്തെത്തും. കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്.വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളുടെയും സഹായത്തോടെയാകും ചരക്ക് ഇറക്കുക.

ആദ്യം കപ്പലിനെ സ്വീകരിക്കാൻ വിഴിഞ്ഞം ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച കപ്പൽ വിഴിഞ്ഞം തീരത്തെത്തും. വെള്ളിയാഴ്ച്ച രാവിലെ മുഖ്യമന്ത്രിയും മറ്റുള്ളവരും ചേർന്ന് ആഘോഷത്തോടെ കപ്പലിനെ സ്വീകരിക്കും.

Share This Post
Exit mobile version