Press Club Vartha

മെഡിക്കൽ കോളേജിൽ കഴക്കൂട്ടം സ്വദേശിനിയായ രോഗി മരിച്ചു: ചികിത്സ പിഴവെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് ആരോപണം. കഴക്കൂട്ടം കുളത്തൂർ കിഴക്കുംകര ജി. എസ് നിവാസിൽ ഗിരിജകുമാരി (64) യാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ഗിരിജ കുമാരി മെഡിക്കൽ കോളേജിൽ എത്തിയത്.

ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട ഗിരിജകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇ.സി ജി പരിശോധനയിൽ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയ ഡോക്ടർ അടിയന്തിരമായി രക്‌ത പരിശോധന നടത്താൻ നിർദേശിക്കുകയും രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുകയും ചെയ്തു.

പതിനാലാം വാർഡിലാണ് ഗിരിജ കുമാരിയെ അഡ്മിറ്റ്‌ ചെയ്തത്. തുടർന്ന് ഡോക്ടർ രാത്രി 1.30 ഓടെ ഗിരിജ കുമാരിയെ വീണ്ടും പരിശോധിക്കുകയും രക്ത സാമ്പിളിന്റെ റിസൾട്ട്‌ ചോദിക്കുകയും ചെയ്തു.

അപ്പോഴാണ് എ സി.ആർ ലാബ് അധികൃതർ രക്ത സാമ്പിൾ എടുക്കാൻ വിസമ്മതിച്ച കാര്യം ഡോക്ടറോട് ബന്ധുക്കൾ പറഞ്ഞത്. രോഗിയെ അഡ്മിറ്റ് ചെയ്ത പതിനാലാം നമ്പർ വാർഡിൽ എത്താൻ പതിനെട്ട്പടി കയറണമെന്നും ഇത്രയും നില കയറി രക്തസാമ്പിൾ എടുക്കാൻ സാധിക്കില്ലെന്നും ഡ്യൂട്ടിയിലുള്ള നഴ്സിനോട് രക്തശേഖരിച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

എന്നാൽ ആശുപത്രി ജീവനക്കാരും രക്തം ശേഖരിച്ച് നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇതറിഞ്ഞ ഡോക്ടർ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ജീവനക്കാർ രക്തം ശേഖരിച്ച് നൽകിയത്.

തുടർന്ന് ഇന്ന് പുലർച്ചയോടെ ആരോഗ്യ നില വഷളായതിനെതുടർന്ന് ഗിരിജ കുമാരിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. രക്‌ത സാമ്പിൾ റിസൾട്ട്‌ സമയത്ത് ലഭിക്കാത്തത് മൂലം ഫലപ്രദമായ ചികിത്സ ഗിരിജകുമാരിക്ക് ലഭിച്ചില്ലെന്നും ഇതു മൂലമാണ് ഗിരിജകുമാരി മരിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

 

Share This Post
Exit mobile version