കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു. തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5 ദിവസം മുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
അതെ സമയം അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടി ഡോ. വി വേണു, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ ശ്രീകുമാർ തുങ്ങിയവർ പങ്കെടുത്തു.