തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. പരിക്കേറ്റ ഇരുപത്തിയൊന്ന് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.പെരുമാതുറ സ്വദേശി ഷാക്കിർ സാലീമിൻ്റെ ഉടസ്ഥതതയിലുള്ള ഹസ്ബി റബ്ബി എന്ന വലിയ വള്ളമാണ് മറിഞ്ഞത്. 37 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു.
തിരയെ മറിക്കടക്കവേ നിയന്ത്രണം നഷ്ടപ്പെട്ട വള്ളത്തിൽ നിന്നും വലയോടൊപ്പം 21 തൊഴിലാളികളാണ് കടലിൽ വീണത്. മറ്റ് തൊഴിലാളികൾ ഇതേ വള്ളത്തിൽ തന്നെ ഉണ്ടായിരുന്നു. വള്ളത്തിലും കല്ലുകളിലും ഇടിച്ചാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്.പെരുമാതുറ – പുതുക്കുറിച്ചി സ്വദേശികളായ നഹാസ്, സഹീർ, ഹസ്സൻ, മൺസൂർ, സയ്യിദ്, ഷാക്കിർ, ഷാജി, ഷാഫി, നൗഫൽ ,റഫീഖ്, ശ്യാം, മഹേഷ്, ഫലാഹ്, സുഹൈൽ, നസീർ, നാസുദ്ദീൻ, ഷാജി, സൈനുദ്ദീൻ, നവാസ്, സഫീർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റ ഹസൻ, റഫീഖ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.ബാക്കിയുള്ളവർ ചികിത്സ തേടിയ ശേഷം ഉച്ചയോടെ ആശുപത്രി വിട്ടു.
മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിലാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.മറിഞ്ഞ വള്ളം തീരത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കടൽ പ്രക്ഷുബ്ധമായത്തിനാൽ വള്ളം മറൈൻ എൻഫോഴ്സ് മെൻ്റിൻ്റെ സഹായത്തോടെ വിഴിഞ്ഞതാണ് എത്തിച്ചത്. ഇന്നലെ പുലർച്ചെ ആറുമണിയോടെ മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടിരുന്നു. വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെടുകയായിരുന്നു.