Press Club Vartha

അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 പേർ മരിച്ച സംഭവം; ആത്മഹത്യയെന്ന് സംശയം

എറണാകുളം: അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിനു തീപിടിച്ച് 4 പേർ മരിച്ചത് ആത്മഹത്യയാണെന്നാണ് സൂചന. സംഭവ ദിവസം കുടുംബനാഥനായ ബിനീഷ് കുര്യൻ കാനിൽ പെട്രോൾ വാങ്ങി പോയെന്ന് പോലീസ് കണ്ടെത്തി. ബിനീഷ് പെട്രോൾ വാങ്ങി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

ബിനീഷ് പെട്രോൾ വാങ്ങി വീട്ടിലേക്ക് തിരികെ കയറുന്ന ദൃശ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. തീപിടിത്തമുണ്ടായ കിടപ്പുമുറിയിൽ നിന്നും പെട്രോൾ കാനും കണ്ടെത്തിയിരുന്നു. എന്നാൽ ആത്മഹത്യ ആണെന്ന് സ്ഥിതീകരിക്കാൻ കഴിഞ്ഞിട്ടില്ല. രാസപരിശോധനാഫലവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ടും വന്നാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂവെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ മാസം എട്ടിനായിരുന്നു അപകടം നടന്നത്. അങ്കമാലി അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യനും ഭാര്യയും രണ്ട് മക്കളുമാണ് കിടപ്പുമുറിയ്ക്ക് തീപിടിച്ച് വെന്തുമരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തീപിടിച്ചാണ് നാല് പേരും മരിച്ചത്. മലഞ്ചരക്ക് വ്യാപാരിയായിരുന്നു ബിനീഷ്. ഇയാൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.

Share This Post
Exit mobile version