തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ നങ്കൂരമിട്ടു. ടഗ് ബോട്ടുകൾ സാൻ ഫെർണാണ്ടോയെ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിച്ചു. വാട്ടർ സല്യൂട്ട് നൽകിയാണ് ആദ്യ ചരക്കുകപ്പലിനെ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞത്തേക്ക് ചരക്കുമായി എത്തിയിരിക്കുന്നത്.
ചരക്കുനിറച്ച 1960 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ തീരത്ത് അടുക്കുന്നത്. 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. നാളെ രാവിലെ തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും.
ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. ചരക്കുകൾ മാറ്റുന്നതിനായി തുറമുഖത്ത് ക്രെയിനുകൾ സജ്ജമാണ്. നാളെ മുതലാണ് ട്രയൽ റൺ ആരംഭിക്കുന്നത്.
ചരക്കുകൾ മുഴുവൻ തുറമുഖത്ത് ഇറക്കി നാളെ തന്നെ സാൻ ഫെർണാണ്ടോ മടങ്ങും. അതിനു ശേഷം രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്‌മെന്റ് പൂർണതോതിൽ നടക്കും.