Press Club Vartha

വിഴിഞ്ഞം പദ്ധതിയ്ക്കായി ആത്മാവും ഹൃദയവും സമർപ്പിച്ച ഉമ്മൻചാണ്ടിയെ ‘മറന്ന്’ പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ചരിത്രത്തിന്റെ ഏടായി മാറിയിരിക്കുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പും നിരവധി പേരുടെ പ്രയത്നങ്ങളുമാണ് ഇന്ന് ഈ സ്വപ്‌നം പൂവണിയാൻ കാരണം. അതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ ഇന്ന് വിഴിഞ്ഞത്ത് നടന്ന ട്രയൽ റണ്ണിന്റെ ഉദ്ഘാടന വേളയിൽ നാൾ ഇതുവരെയുള്ള ഓരോരുത്തരുടെയും പങ്കുകൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മാത്രം പരാമർശിച്ചില്ല.

പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ് പിണറായി വിജയൻ അവഗണിച്ചത്. 2011 ൽ അധികാരത്തിൽ എത്തിയ ഉമ്മൻ‌ചാണ്ടി സർക്കാരാണ് പദ്ധതി യാഥാർഥ്യമാക്കുന്നതിനു വലിയ പങ്കുവഹിച്ചത്. അന്ന് പദ്ധതിയുമായി മുന്നോട്ട് പോയ ഉമ്മൻ ചാണ്ടിയ്ക്ക് നേരെ നിരവധി ആരോപണങ്ങളാണ് ഇടതു പക്ഷം നടത്തിയത്. അദാനി ഗ്രൂപ്പിന് അനുകൂലമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കരാർ ഉണ്ടാക്കിയതെന്ന് ആരോപിച്ചാണ് അന്ന് ഇടതുപക്ഷം പ്രതിഷേധം നടത്തിയത്.

എന്നാൽ ഇപ്പോൾ പദ്ധതി യാഥാർഥ്യമായപ്പോൾ ഉമ്മൻ ചാണ്ടിയെ മനപ്പൂർവം മറന്നിരിക്കുകയാണ്. അതേ സമയം, അദാനി ഗ്രൂപ്പിന്റെ സഹകരണത്തിനു മുഖ്യമന്ത്രി നന്ദി പറയാൻ മറന്നില്ല. കൂടാതെ മുൻ ഇടതുപക്ഷ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലിനെയും കടന്നപ്പള്ളിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

പക്ഷെ ഉദ്ഘാടന വേളയിൽ ഉമ്മൻചാണ്ടിയെ ഓർമിപ്പിച്ച് കോവളം എംഎൽഎ എം വിൻസന്റ്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. വിഴിഞ്ഞത്തിന്റെ പേരിൽ ഒരുപാട് പഴി കേട്ടയാളാണ് അദ്ദേഹമെന്നും ജീവിച്ചിരുന്നെങ്കിൽ ഇന്ന് വിഴിഞ്ഞം ഉദ്ഘാടന വേളയിൽ ഏറ്റവും സന്തോഷിക്കുക ഉമ്മൻ ചാണ്ടിയായിരിക്കുമെന്നും എം എൽ എ പറഞ്ഞു. മാത്രമല്ല ഉദ്ഘാടന വേളയിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിലും എം വിൻസന്റ് എം എൽ എ അതൃപ്തി പ്രകടിപ്പിച്ചു. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ വേർതിരിവ് പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version