Press Club Vartha

നൂറു കോടിയുടെ പദ്ധതിയുമായി സിസ്‌ട്രോം ടെക്‌നോളജീസ്; കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു

തിരുവനന്തപുരം: രാജ്യത്തെ ടെലികോം,നെറ്റ് വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്‌ട്രോം ടെക്‌നോളജീസ് കേരളത്തിലെ ആദ്യ ഇലക്ട്രോണിക് നിര്‍മ്മാണ കേന്ദ്രം തിരുവനന്തപുരത്ത് തുറന്നു. കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നൂറു കോടി രൂപയിലധികം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അത്യാധുനിക ഫാക്ടറി കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ആരംഭിച്ച നിര്‍മ്മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ടെസോള്‍വ് സ്ഥാപകനും ടാറ്റ ഇലക്ട്രോണിക്സിന്റെ (OSAT യൂണിറ്റ്) മുന്‍ സിഇഒയുമായ പി.രാജമാണിക്ക്യം, കിന്‍ഫ്ര എംഡി സന്തോഷ് കോശി , ഇന്‍ഡസ്ട്രിയല്‍ ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

അത്യാധുനികവും നൂതനവുമായ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി വ്യവസായ മേഖലയുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള നിലവാരമേറിയ ടെലികോം, നെറ്റ്വര്‍ക്കിംഗ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് സിസ്ട്രോം ടെക്നോളജീസ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പുതിയ ഫാക്ടറി യാഥാര്‍ത്ഥ്യമായതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടിയിലധികം വിപണി വിഹിതം കൈവരിക്കുകയാണ് കമ്പനി ലക്ഷ്യം.കേരളത്തിലെ ആദ്യ ഫാക്ടറി യാഥാര്‍ത്ഥ്യമായതിലൂടെ നിരവധി തൊഴില്‍ അവസരമാണ് ഈ മേഖലയില്‍ കമ്പനി സൃഷ്ടിച്ചത്.

അത്യന്താധുനിക ടെലികോം , നെറ്റ് വര്‍ക്കിങ് ഉത്പന്നങ്ങളുടെ നിര്‍മ്മാണകേന്ദ്രം തലസ്ഥാനത്ത് തുറന്നതോടെ കേരളം രാജ്യത്തിന്റെ ഹൈടെക് ഭൂപടത്തില്‍ ഇടം പിടിക്കുമെന്ന് സിസ്ട്രാം ടെക്നോളജീസ് എം.ഡി അനില്‍ രാജ് പറഞ്ഞു. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനും വ്യവസായ മേഖലയിലെ കുതിച്ചു ചാട്ടത്തിനും സിസ്‌ട്രോമിന്റെ ഈ ചുവട് വെയ്പ്പ് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം നാലിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version