Press Club Vartha

ജോയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളെല്ലാം വിഫലമായി; മരണത്തിൽ അനുശോചനം അറിയിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിപക്ഷ നേതാവ് അനുശോചനം രേഖപ്പെടുത്തിയത്.

നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ് ജോയിക്കു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടാകുകയെന്നും പ്രാര്‍ഥനകളെല്ലാം വിഫലമായെന്നും അദ്ദേഹം പറയുന്നു. 46 മണിക്കൂറിലധികം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ജോയിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബ ടീം, നേവി, ശുചീകരണ തൊഴിലാളികൾ, പോലീസ്, മാധ്യമങ്ങള്‍ അങ്ങനെ ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ജോയിക്ക് ആദരാഞ്ജലികള്‍.
നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ് ജോയിക്കു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടാകുക. പ്രാര്‍ഥനകളെല്ലാം വിഫലമായി.
സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ മലിനജലത്തിലേക്ക് എടുത്തു ചാടേണ്ടി വന്നത് ആ പാവത്തിന്റെ നിസഹായതയാകാം. പക്ഷെ ഭരണ സംവിധാനത്തിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണ് ആ മനുഷ്യന്‍.
ഒരു മനുഷ്യന്റെ തിരോധാനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം യന്ത്ര സഹായത്താല്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്തു. നേരത്തെ ഇത് ചെയ്യാന്‍ എന്തായിരുന്നു തടസം.
46 മണിക്കൂറിലധികം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ജോയിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബ ടീം, നേവി, ശുചീകരണ തൊഴിലാളികൾ, പോലീസ്, മാധ്യമങ്ങള്‍ അങ്ങനെ ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവർക്കും നന്ദി.
ജോയിയുടെ വയോധികയായ മാതാവ് ഉള്‍പ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കൂടി ഉണ്ടെന്നത് സര്‍ക്കാര്‍ മറക്കരുത്.
എല്ലാവരുടെയും ദുഃഖത്തില്‍പങ്കുചേരുന്നു.

Share This Post
Exit mobile version