Press Club Vartha

താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു

പാലക്കാട്: ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് പാമ്പുകടിയേറ്റു. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി 36 വയസ്സുള്ള ഗായത്രിയെയാണ് പാമ്പ് കടിച്ചത്. മകളുമായിട്ടാണ് ഗായത്രി ആശുപത്രിയിൽ എത്തിയത്.

ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച മകളുടെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. ഇതിനിടെയാണ് സംഭവം നടന്നത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്.

യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.

Share This Post
Exit mobile version