Press Club Vartha

തലച്ചോറില്‍ അപൂര്‍വ അന്യൂറിസം; അടിയന്തര ചികിത്സയുമായി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം

തിരുവനന്തപുരം: തലച്ചോറില്‍ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന മുംബൈ സ്വദേശിനിയില്‍ അടിയന്തര ചികിത്സയുമായി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. തിരുവനന്തപുരത്ത് അവധി ആഘോഷിക്കാനെത്തിയ 45 വയസ്സുകാരി കുളിമുറിയില്‍ കുഴഞ്ഞ് വീഴുകയും തുടര്‍ന്ന് അടിയന്തരമായി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു. രോഗിയില്‍ നടത്തിയ വിശദമായ ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫിയില്‍ (ഡിഎസ്എ) തലച്ചോറിലെ സെറിബെല്ലത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനികളിലൊന്നില്‍ 2 മില്ലീമീറ്ററിന് താഴെ വലുപ്പത്തില്‍ കുമിളയുടെ രൂപത്തിലുള്ള അന്യൂറിസം കണ്ടെത്തുകയായിരുന്നു.

അതിവേഗത്തില്‍ ആശുപത്രിയിലെത്തിച്ചതിനാലും കൃത്യമായ രോഗനിര്‍ണ്ണയം സാധ്യമായതിനാലുമാണ് രോഗിയെ രക്ഷിക്കാന്‍ സാധിച്ചത്, അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇത് മരണത്തിന് വരെ കാരണമായേക്കാവുമെന്നും പ്രൊസീജിയറിന് നേതൃത്വം നല്‍കിയ ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ലീഡുമായ ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. രക്തം കട്ടപിടിക്കാനും അന്യൂറിസത്തിലേക്ക് രക്തമെത്താതിരിക്കാനുമായി ഫ്‌ലോ ഡൈവേര്‍ട്ടര്‍ ഉപയോഗിക്കുന്നതാണ് രോഗിയില്‍ നടത്തിയ എന്‍ഡോവാസ്‌കുലാര്‍ സ്റ്റെന്റിങ് പ്രൊസീജിയര്‍.

എംആര്‍ഐ, സിടി ആന്‍ജിയോഗ്രാഫി ഫലങ്ങള്‍ നോര്‍മലായിരുന്നിട്ടും കടുത്ത തലവേദന, ഛര്‍ദ്ദി, ബോധക്ഷയം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണക്കിലെടുത്ത് രോഗിയില്‍ നടത്തിയ ഡിഎസ്എ പരിശോധനയിലാണ് സെറിബെല്ലത്തിനും ബ്രെയിന്‍സ്റ്റെമ്മിനും അടുത്തായി രൂപപ്പെടുന്ന ബ്ലിസ്റ്റര്‍ പൈക്ക എന്ന അപൂര്‍വ അന്യൂറിസമാണ് രോഗലക്ഷണങ്ങളിലേക്ക് നയിക്കുന്നതെന്ന് കണ്ടെത്തിയത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്തക്കുഴലുകളുടെ ദുര്‍ബലമായ ഭാഗങ്ങള്‍ വളരെ ചെറിയ കുമിളയുടെ രൂപത്തില്‍ വീര്‍ത്തു വീക്കമുണ്ടാകുന്ന അവസ്ഥയാണ് ബ്ലിസ്റ്റര്‍ അന്യൂറിസം. ഗുരുതരമായ രക്തസ്രാവത്തിന് കാരണമായ അന്യൂറിസങ്ങളില്‍ ഏറ്റവും അപൂര്‍വ്വമായതാണിത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ കേസുകളില്‍ 0.5% മുതല്‍ 3% വരെ മാത്രമാണ് ബ്ലിസ്റ്റര്‍ അന്യൂറിസം കണ്ടെത്തിയിട്ടുള്ളത്.

ഈ രോഗിയില്‍, തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനികളിലൊന്നായ ‘പൈക്ക’ (പോസ്റ്റീരിയർ ഇന്റീരിയർ സെറിബെല്ലാർ ആർട്ടറി)യിലാണ് അന്യൂറിസം രൂപപ്പെട്ടത്. അന്യൂറിസത്തിന്റെ സ്ഥാനം പരിഗണിച്ച്, ഡോ. സന്തോഷ് ജോസഫും സംഘവും അരയ്ക്ക് താഴെ ഗ്രോയിനിലെ രക്തക്കുഴലിലൂടെ മിനിമലി ഇന്‍വേസിവ് പ്രൊസീജിയര്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഇമേജിംഗ് & ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ്, ഇമേജിംഗ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ചീഫ് കോര്‍ഡിനേറ്ററുമായ ഡോ. മാധവന്‍ ഉണ്ണി, ന്യൂറോ അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ശരത് സുരേന്ദ്രന്‍ എന്നിവര്‍ പ്രൊസീജിയറിന്റെ ഭാഗമായി.

Share This Post
Exit mobile version