Press Club Vartha

കരുക്കള്‍ നീക്കി ചിറ്റയം ഗോപകുമാര്‍; ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ചെസ് ദിനാഘോഷത്തിന് തുടക്കം

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ചെസ് ദിനാഘോഷം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. 15 തവണ യു.എസ് ഒറിഗോണ്‍ സ്റ്റേറ്റ് ചെസ് ചാമ്പ്യനായ 18 വയസ്സുള്ള റോഷന്‍ സഞ്ജയ് നായരുമായി ചെസ് കളിച്ചാണ് ചിറ്റയം ഗോപകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്തത്. ബുദ്ധിയും ചിന്തയും വികസിക്കാന്‍ ചെസ് ഏറ്റവും ഉചിതമായ ഒരു ഗെയിമാണെന്ന് അദ്ദേഹം ഉദ്ഘാടനത്തിനിടെ പറഞ്ഞു. ഭിന്നശേഷിക്കുട്ടികളിലെ ചെസ് പരിശീലനം ഇത്തരം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഷിജു ബി.കെ, മുഹമ്മദ് അഷീബ്, ആല്‍ബിന്‍ വെര്‍ണന്‍ എന്നീ ഭിന്നശേഷിക്കാരുമായി റോഷന്‍ ഒരേ സമയം ചെസ് കളിച്ച് മത്സരത്തിന് തുടക്കം കുറിച്ചു. തന്റെ പതിനെട്ടാം വയസ്സിനുള്ളില്‍ തന്നെ വിവിധ കലകളില്‍ പ്രതിഭ തെളിയിച്ച് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെറുപ്രായത്തിനുള്ളില്‍ തന്നെ മറ്റുള്ളവരെ സഹായിക്കാനായി ഒരു ചാരിറ്റി സ്ഥാപനം ആരംഭിക്കുകയും ചെയ്ത റോഷനെ ചിറ്റയം ഗോപകുമാര്‍ മെമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് റോഷന്‍ സെന്ററിലെ കുട്ടികള്‍ക്കായി ഗാനവും നൃത്തവും അവതരിപ്പിച്ചു. ചടങ്ങില്‍ ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ഷൈലാ തോമസ്, മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുത്തു.

ലോക ചെസ് ദിനമായ നാളെ (ശനി) രാവിലെ 10.30 മുതല്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ ചെസ് മത്സരം നടക്കും. മത്സരത്തില്‍ സെന്ററിലെ അപര്‍ണാസുരേഷ്, ആര്‍ദ്ര അനില്‍, ഷിജു ബി.കെ, മുഹമ്മദ് അഷീബ്, ആല്‍ബിന്‍ വെര്‍ണന്‍, അനുരാഗ്, അശ്വിന്‍ ദേവ്, സായാ മറിയം തോമസ് എന്നിവര്‍ പങ്കെടുക്കും. ഇവര്‍ക്കായി റോഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി ചെസ് പരിശീലനം നടന്നുവരികയായിരുന്നു. സ്‌കോട്ട്‌ലന്റില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ റോഷന്‍ തന്റെ പന്ത്രണ്ടാം വയസ്സില്‍ ചെസ് മത്സരത്തില്‍ ലഭിച്ച അവാര്‍ഡ് തുകയായ 7000 ഡോളര്‍ കൊണ്ടാണ് റോഷന്‍ നായര്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് ചെസ് പരിശീലനം നടത്തിവരുന്ന റോഷന്‍ ഇതുവരെ പതിനഞ്ചോളം ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് സഹായം ചെയ്തു കഴിഞ്ഞിട്ടുണ്ട്.

Share This Post
Exit mobile version