Press Club Vartha

സ്കൂൾ കായികമേളാ കലണ്ടർ പുന:ക്രമീകരിക്കണം; കായികാദ്ധ്യാപക സംഘടന

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള മതിയായ സമയമനുവദിക്കാതെ സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് കൂടിയാലോചനകളില്ലാതെ ധൃതി പിടിച്ച് മേളകൾ പ്രഖ്യാപിച്ചതോടെ കായിക താരങ്ങൾ വെട്ടിലായി. ആഗസ്റ്റ് ഇരുപതിനകം ഉപജില്ലാ അത് ലറ്റിക്സ്, ഗെയിംസ് എന്നിവ പൂർത്തിയാക്കണം. ആഗസ്റ്റ് മുപ്പത്തി ഒന്നിനകം ജില്ലാ ഫുട്ബോൾ, ടേബിൾ ടെന്നീസ് മത്സരങ്ങളും, ഒക്ടോബർ പത്തിനകം അക്വാറ്റിക്സ്, ഗെയിംസ്, അത് ലറ്റിക്സ് മത്സരങ്ങളും ജില്ലാതലത്തിൽ പൂർത്തീകരിക്കണമെന്നാണ് സർക്കുലർ നിർദ്ദേശിച്ചിട്ടുള്ളത്.

മുപ്പത്തി എട്ട് ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ, പെൺ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കനത്ത മഴയെ തുടർന്ന് പല ജില്ലകളിലും വിദ്യാലയങ്ങൾക്ക് പ്രവർത്തിക്കാനും, പരിശീലനങ്ങൾ സംഘടിപ്പിക്കുവാനും ഇതുവരെ സാധിച്ചിട്ടില്ല.

സ്കൂൾ ഒളിമ്പിക്സ് എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സാധാരണ നിലയിൽ പാദ വാർഷിക പരീക്ഷകൾക്ക് ശേഷം ആരംഭിക്കേണ്ട കായിക മേളകൾ പരീക്ഷക്ക് മുന്നേ ക്രമീകരിക്കുന്നത്. സ്കൂൾതല മത്സരങ്ങൾ പോലും ആരംഭിക്കാനാവാത്ത സാഹചര്യത്തിൽ വിവിധങ്ങളായ നൂറോളം കായിക മത്സരങ്ങൾ ഇരുപത് ദിവസങ്ങൾ കൊണ്ട് ഉപജില്ലയിൽ നടത്തിത്തീർക്കുന്നതെങ്ങിനെയെന്ന ആശങ്കയാണ് കായികാധ്യാപകർ പങ്കുവെക്കുന്നത്. മത്സരങ്ങൾക്കിടയിൽ കായിക താരങ്ങൾക്ക് വിശ്രമവും, അടുത്ത ഘട്ടത്തിലേക്കാവശ്യമായ തയ്യാറെടുപ്പിനും മതിയായ സമയം അനുവദിച്ചില്ലെങ്കിൽ അത് പരിക്കുകൾക്കും, മോശം പ്രകടനത്തിനും, താരങ്ങളുടെ മെഡൽ സ്വപ്നങ്ങൾ പൊലിയാനും, കുട്ടികൾക്ക് അവസരം നഷ്ടപ്പെടാനും ഇത് കാരണമാകും. ദേശീയ മത്സരത്തിലെ കേരളത്തിൻ്റെ ഗ്രാഫ് താഴുന്നതിനും ഇത് കാരണമാകും.

ദേശീയ മത്സരങ്ങളുടെ സമയക്രമമനുസരിച്ച് സംസ്ഥാന മത്സരങ്ങളുടെ സമയം പുന:ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകുമെന്ന് സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന ചെയർമാൻ പി.എ.അബ്ദുൽ ഗഫൂർ, കൺവീനർ ഷിഹാബ്ദീൻ.എസ് എന്നിവർ അറിയിച്ചു.

Share This Post
Exit mobile version