കോഴിക്കോട്: കേരളത്തിൽ നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്.
നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണ ഏർപ്പെടുത്തി. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു. നിലവിൽ മൂന്ന് പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരെ മൂന്ന് പേരെയും ഐസൊലേറ്റ് ചെയ്തു.
കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം മൂർച്ഛിച്ചപ്പോൾ ഇവിടെ നിന്ന് കോഴിക്കോട്ടുളള സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
ഇതേ തുടർന്ന് ജാഗ്രത നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. കൂടാതെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക 30 റൂമുകൾ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായും മന്ത്രി വ്യക്തമാക്കി.